X

രേഖകള്‍: ട്രംപിന്റെ ആവശ്യം കോടതി തള്ളി

 

ന്യൂയോര്‍ക്ക്: എഫ്.ബി.ഐ പിടിച്ചെടുത്ത രേഖകള്‍ പ്രോസിക്യൂട്ടര്‍മാര്‍ കാണുന്നതിനുമുമ്പ് പരിശോധിക്കാന്‍ അനുവദിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും അഭിഭാഷകന്‍ മൈക്കല്‍ കോഹന്റെയും ആവശ്യം കോടതി തള്ളി. ട്രംപിനെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി കോഹന്റെ ഓഫീസുകളില്‍നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. രേഖകളുടെ സൂക്ഷ്മ പരിശോധനക്ക് പുറത്തുനിന്നുള്ള ഒരു അഭിഭാഷകനെ നിയമിക്കുമെന്ന് ജഡ്ജി കിംബ വുഡ് പറഞ്ഞു. രേഖകള്‍ പരിശോധിക്കുന്നതില്‍നിന്ന് പ്രോസിക്യൂട്ടര്‍മാരെ നിയന്ത്രിക്കണമെന്ന് മാന്‍ഹട്ടനിലെ കോടതിയില്‍ ഹാജരായി കോഹന്‍ ആവശ്യപ്പെട്ടിരുന്നു. സ്റ്റോമി ഡാനിയല്‍സ് എന്ന പോണ്‍ നടിയുമായി ട്രംപിനുണ്ടായിരുന്ന അവിഹിത ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ എഫ്.ബി.ഐ പിടിച്ചെടുത്ത കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ ഡാനിയല്‍സിന് കോഹന്‍ 1.30 ലക്ഷം ഡോളര്‍ നല്‍കി ഒത്തുതീര്‍പ്പ് കരാറുണ്ടാക്കിയിരുന്നു. അത്തരമൊരു കരാറില്‍ ഒപ്പുവെച്ചിട്ടില്ലെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ പ്രസിഡന്റ് തയാറാകണമെന്ന് നടി ആവശ്യപ്പെട്ടിട്ടുണ്ട്.

chandrika: