X

മതമൈത്രിയും സൗഹാര്‍ദ്ദവും തകര്‍ക്കാന്‍ ബോധപൂര്‍വ്വ ശ്രമം

ഗൂഢാലോചന അന്വേഷിക്കണം: മുസ്്‌ലിംലീഗ്

കോഴിക്കോട്: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആരാണ് ആഹ്വാനം ചെയ്തതെന്നോ അതിന്റെ ആസൂത്രണം എവിടെ നിന്നാണെന്നോ സംബന്ധിച്ച് സൈബര്‍ വിഭാഗം അന്വേഷണം നടത്തണമെന്നും ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചന പുറത്ത് കൊണ്ടുവന്ന് കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി കൈകൊള്ളണമെന്നും മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ജമ്മുകാശ്മീരിലെ എട്ടു വയസ്സുകാരി ബാലിക അതിനിഷ്ഠൂരമായി പീഡനത്തിന് വിധേയയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയിലെ നാനാജാതി മതസ്ഥരും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സമാധാനപരമായ പ്രതിഷേധം പ്രകടിപ്പിച്ചു വരികയാണ്. കൊല ചെയ്യപ്പെട്ടത് മുസ്‌ലിം ബാലികയായിരുന്നുവെങ്കിലും സംഭവമറിഞ്ഞ് ഉപവാസം അനുഷ്ടിച്ച അമ്മമാരും സ്വന്തം കുഞ്ഞിന് കൊലചെയ്യപ്പെട്ട ബാലികയുടെ പേര്‍ നല്‍കിയ ഹിന്ദുകുടുംബവും സംസ്ഥാനത്ത് വിഷു ആഘോഷംപോലും വേണ്ടെന്ന്‌വെച്ച സഹോദരങ്ങളും ഏറെയാണ്.
എന്നാല്‍ ഈ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിട്ട് ജാതിമത വിഷയമാക്കി മാറ്റാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താല്‍ എന്ന് സംശയിക്കുന്നു. വിഷു അവധി പ്രമാണിച്ച് പത്രങ്ങളൊന്നും പ്രസിദ്ധീകരിക്കാത്ത ദിവസമായതിനാല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ നിലപാടിനെ സംബന്ധിച്ച് മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌പോലും നിലപാട് പൊതുസമൂഹത്തെ അറിയിക്കാന്‍ സാധിച്ചില്ല. ആരും പിതൃത്വം ഏറ്റെടുക്കാത്ത ഈ ഹര്‍ത്താല്‍ ഒരു മുന്നറിയിപ്പുമില്ലാതെ നടത്തിയതിന്റെ ഫലമായി ഒട്ടേറെ പ്രയാസങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്നു.
വ്യാപകമായ നാശ നഷ്ടങ്ങളും ഉണ്ടായി. രാവിലെ ആരംഭിച്ച ഹര്‍ത്താല്‍ എപ്പോള്‍ അവസാനിക്കുമെന്ന്‌പോലും പറയാന്‍ ആളുണ്ടായിരുന്നില്ല. കേരളത്തിലെ മതമൈത്രിയും, സൗഹാര്‍ദ്ദവും തകര്‍ക്കാന്‍ ബോധപൂര്‍വ്വം ചിലര്‍ ഉണ്ടാക്കിയതാണ് ഈ ഹര്‍ത്താല്‍ എന്ന സംശയവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ത്താലിന് മുസ്‌ലിംലീഗിന്റെയും യു.ഡി.എഫിന്റെയും പിന്തുണയുണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. ഹര്‍ത്താല്‍ ദിവസം രാവിലെ എട്ടു മണിയോടുകൂടിയാണ് ഇതറിഞ്ഞ മുസ്‌ലിംലീഗ് ൗ ഹര്‍ത്താലിന് പിന്തുണയില്ലെന്നും അതുമായി സഹകരിക്കേണ്ടതില്ലെന്നും സമൂഹ്യ മാധ്യമങ്ങളിലുടെയും ചാനലിലൂടെയും അറിച്ചത്. തിങ്കളാഴ്ചത്തെ ഹര്‍ത്താലിന്റെ നിജസ്ഥിതി പൊതുജനത്തെ അറിയിക്കമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

chandrika: