X

എലിസബത്ത് രാജ്ഞിക്കു മുന്നില്‍ അബദ്ധം പിണഞ്ഞ് ട്രംപ്; വീഡിയോ വൈറല്‍

ലണ്ടന്‍: നാലു ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിണഞ്ഞ അബദ്ധം ക്യാമറക്കു മുന്നില്‍. എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് സംഭവം.

വീന്‍ഡ്‌സര്‍ കൊട്ടാരത്തിലെ പ്രത്യേക ഗാര്‍ഡ് ഓഫ് ഓണര്‍ നിരീക്ഷിച്ച് നടക്കുന്ന ട്രംപ് നിരവധി തവണ രാജ്ഞിക്കു മുന്നില്‍ നടക്കുന്നതും രാജ്ഞിയെ നടക്കാന്‍ അനുവദിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇടക്കു കയറി രാജ്ഞിക്കു മുന്നില്‍ ട്രംപ് നടന്നതിനാല്‍ ഇരുവശങ്ങളിലൂടെ മുന്നോട്ട് വരാന്‍ ശ്രമിക്കുന്ന രാജ്ഞിയെയും വീഡിയോയില്‍ കാണാം. അബദ്ധം മനസ്സിലായ ട്രംപ് അല്‍പസമയത്തിനു ശേഷം നടത്തം നിര്‍ത്തി രാജ്ഞിയുടെ നിര്‍ദേശത്തിനായി കാത്തു നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

രാജകുടുംബത്തിന്റെ ആചാരമര്യാദകള്‍ ലംഘിച്ച ട്രംപിനെ വിമര്‍ശിച്ചും പരിഹസിച്ചും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വീഡിയോ വൈറലാണ്. ആചാരപ്രകാരം രാജ്ഞി ക്ഷണിച്ച ശേഷമാണ് മറ്റു രാഷ്ട്രത്തലവന്മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുക. രാജകീയ ആചാരമര്യാദകള്‍ ലംഘിക്കുന്നതില്‍ ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപുമുണ്ട്.

ആദ്യകൂടിക്കാഴ്ചയില്‍ രാജ്ഞിക്കു മുന്നില്‍ തലകുനിച്ചു നില്‍ക്കുന്നതിനു പകരം ഹസ്തദാനം നടത്തിയാണ് മെലാനിയ ആചാരം ലംഘിച്ചത്. ഇതിനെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
യുഎസ് പ്രസിഡന്റായതിനുശേഷമുള്ള ഡോണള്‍ഡ് ട്രംപ് നടത്തുന്ന ആദ്യ ബ്രിട്ടന്‍ സന്ദര്‍ശനമാണിത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ട്രംപ് കൂടിക്കാഴ്ച്ച നടത്തി. ബ്രെക്‌സിറ്റ് വിഷയത്തില്‍ തെരേസ മേയ് സമ്മര്‍ദം നേരിടുന്ന സമയത്താണ് ട്രംപിന്റെ നിര്‍ണായക സന്ദര്‍ശനം. യുഎസും ബ്രിട്ടനും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

Watch Video:

 

chandrika: