X

ട്രംപ് ആദ്യമായി വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു: വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധ പ്രകടനം

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായ ശേഷം ആദ്യമായി വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ബുധനാഴ്ച സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ വിവിധ മുസ്‌ലിം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക്
റമദാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഡൊണാള്‍ഡ് ട്രംപ് ഇഫ്കാര്‍ വിരുന്നില്‍ പ്രസംഗം ആരംഭിച്ചത്. അമേരിക്കയുമായി സൗഹൃദവും സഹകരണവും കാത്തുസൂക്ഷിക്കുന്ന എല്ലാ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അമ്പതിലേറെ അതിഥികളാണ് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് വിരുന്നില്‍ പങ്കെടുത്തത്. ഇഫ്താര്‍ പാര്‍ട്ടി നടക്കുന്നതിനിടെ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി.

സഊദി അംബാസഡര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ജോര്‍ദാന്‍ അംബാസഡര്‍ ദിനാ കവാര്‍ എന്നിവരും യുഎഇ, ഈജിപ്ത്, ട്യുണീഷ്യ, ഇറാഖ്, ഖത്തര്‍, ബഹ്‌റൈന്‍, മൊറോക്കോ, അള്‍ജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരും ക്ഷണം സ്വീകരിച്ചെത്തിയിരുന്നു. ട്രംപ് ആദ്യമായി ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പ്രധാനമായും വിവിധ അറേബ്യന്‍ രാജ്യങ്ങളിലെ അംബാസഡര്‍മാരാണ് പങ്കെടുത്തത്. സഊദി, ജോര്‍ദാന്‍ അംബാസഡര്‍മാര്‍ക്കൊപ്പമായിരുന്നു അമേരിക്കന്‍ ട്രംപിന്റെ ഇരിപ്പിടം. അതേസമയം, അമേരിക്കയിലെ വിവിധ മുസ്‌ലീം സംഘടനകള്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തില്ല. ഓരോ വര്‍ഷവും ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുകയെന്നത് വൈറ്റ് ഹൗസ് കലണ്ടറിലെ പതിവ് പരിപാടിയാണെങ്കിലും കഴിഞ്ഞവര്‍ഷം ട്രംപ് ഇഫ്താര്‍ സംഘടിപ്പിച്ചിരുന്നില്ല.

വിവിധ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെയായിരുന്നു ഇഫ്താര്‍ ചടങ്ങിനിടെ വൈറ്റ് ഹൗസിനു മുമ്പില്‍ പ്രതിഷേധം. ഒരുഭാഗത്ത് മുസ്‌ലിംങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും മറുഭാഗത്ത് മുസ്‌ലിം നയതന്ത്രജ്ഞര്‍ക്ക് അത്താഴം വിളമ്പുകയും ചെയ്യുന്ന ട്രംപിന്റെ നടപടി അങ്ങേയറ്റം കാപട്യം നിറഞ്ഞതാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. അതേസമയം പ്രതിഷേധങ്ങള്‍ക്കിടയിലും സുഗമമായാണ് ഇഫ്താര്‍ വിരുന്ന് നടന്നത്. പതിവിന് വിപരീതമായി കഴിഞ്ഞവര്‍ഷം നടത്താതിരുന്ന ഇഫ്താര്‍ വിരുന്ന് ഇത്തവണ റമദാന്‍ വ്രതം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ട്രംപ് സംഘടിപ്പിച്ചത്.

chandrika: