X
    Categories: Newsworld

‘ട്രംപിന്റെ വാദങ്ങള്‍ ബാലിശം’ ; ട്രംപിനെ തള്ളി സ്വന്തം പാര്‍ട്ടിക്കാര്‍

ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് രംഗത്ത് വന്ന ഡൊണാള്‍ഡ് ട്രംപിനെ തള്ളി സ്വന്തം പാര്‍ട്ടിക്കാരായ റിപ്പബ്ലിക്കന്‍ നേതാക്കളും രംഗത്ത്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുംമുമ്പ് വിജയം അവകാശപ്പെടുകയും വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്ത ട്രംപിന്റൈ വാദങ്ങളെ ബാലിശമെന്നാണ് സ്വന്തം പാര്‍ട്ടിക്കാര്‍ വിശേഷിപ്പിച്ചത്. ‘വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു എന്ന് അവകാശപ്പെടുന്നത് തെറ്റാണ് ‘കെന്റക്കിയില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ വിജയിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരായ മിച്ച് മക്കോണല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘നിയമപരമായി രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണാന്‍ ദിവസമെടുക്കുന്നത് തിരഞ്ഞെടുപ്പ് നിയമലംഘനമല്ല’അടുത്തിടെ ട്രംപിന്റെ പ്രചാരണ റാലിയില്‍ സംസാരിച്ചിരുന്ന ഫ്‌ലോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ ട്വിറ്റില്‍ പറഞ്ഞു. ‘ഫലങ്ങള്‍ വരുന്നതുവരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്ന്’അലാസ്‌കയിലെ സെനറ്റര്‍ ലിസ മുര്‍കോവ്‌സ്‌കി അഭ്യര്‍ത്ഥിച്ചു. ‘തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലി പൂര്‍ത്തിയാക്കാന്‍ സമയം നല്‍കുകയെന്നത് നിര്‍ണായകമാണ്. കൂടാതെ നിയമപരമായി രേഖപ്പെടുത്തിയ എല്ലാ ബാലറ്റുകളും എണ്ണിത്തിട്ടപ്പെടുത്തുകയുംവേണം’അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘നമ്മുടെ ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്ന പ്രസിഡന്റിന്റെ അഭിപ്രായത്തിന് യാതൊരു വിലയുമില്ല. വോട്ടുകള്‍ എണ്ണുകയാണ്. മുമ്പുള്ളതുപോലെ നാം തെരഞ്ഞെടുപ്പ് ഫലങ്ങളെ മാനിക്കണം. നമ്മുടെ ജനാധിപത്യത്തെക്കാള്‍ മുകളിലല്ല ഒരു വ്യക്തിയും’ലാരി ഹോഗന്‍ ട്വിറ്ററില്‍ കുറിച്ചു. റിപ്പബ്ലിക്കന്‍ നേതാക്കള്‍ ട്രംപിനെ പരസ്യമായി വിമര്‍ശിക്കുന്നത് പതിവില്ലാത്തതാണ്. എന്നാല്‍ നിലവിലെ ട്രംപിന്റെ പെരുമാറ്റം രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമോ കുറ്റകരമോ ആണെന്നാണ് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വിശ്വസിക്കുന്നത്.

web desk 3: