X

ട്രംപ് മരുമകനെ പശ്ചിമേഷ്യന്‍ ദൂതനാക്കും

ന്യൂയോര്‍ക്ക്: ഫലസ്തീനികള്‍ക്കും ഇസ്രാഈലിനുമിടയില്‍ സമാധാന കരാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരസ്പര സ്വീകാര്യമായ ഒരു കരാറില്‍ എത്തുന്നതിനുമുന്നോടിയായി ഇരുപക്ഷവും ചിലതെല്ലാം ഉപേക്ഷിക്കേണ്ടിവരുമെന്ന് അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. പശ്ചിമേഷ്യന്‍ സമാധാന ദൂതനായി മരുമകന്‍ ജേഡ് കുഷ്‌നറെ നിയമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഫലസ്തീന്‍-ഇസ്രാഈല്‍ സമാധാന കരാര്‍ ഒരു വലിയ നേട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് അസാധ്യമാണെന്ന് നിരവധി പേര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ അതിനോട് വിയോജിക്കുന്നു. സമധാനമുണ്ടാക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്-ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് ഫലസ്തീന്‍-ഇസ്രാഈല്‍ കരാറിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചിരുന്നു. ഐക്യരാഷ്ട്രസഭ സമാധാന കരാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മാര്‍ച്ചില്‍ ട്രംപ് ആരോപിച്ചിരുന്നത്.

പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ക്കും വൈറ്റ്ഹൗസിനുമിടയിലുള്ള സമാധാന ദൂതനായി നാമനിര്‍ദേശം ചെയ്യാനിരിക്കുന്ന കുഷ്‌നര്‍ വിവാഹം ചെയ്തത് ട്രംപിന്റെ മകള്‍ ഇവാന്‍കയെയാണ്. കടുത്ത ഇസ്രാഈല്‍ പക്ഷപാതിയായ കുഷ്‌നര്‍ യാഥാസ്ഥിതിക ജൂതനും ഹൊളോകാസ്റ്റില്‍നിന്ന് രക്ഷപ്പെട്ട ഒരാളുടെ പേരമകനുമാണ്. ഫലസ്തീനിനും ഇസ്രാഈലിനുമിടയില്‍ കരാറുണ്ടാക്കുന്നതില്‍ കുഷ്‌നറുടെ പങ്ക് തനിക്ക് ഏറെ ഗുണം ചെയ്യുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. മരുമകന് കാബിനറ്റ് പദവി നല്‍കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അമേരിക്കയിലെ സ്വജനപക്ഷപാത നിയമങ്ങളാണ് അദ്ദേഹത്തെ അതില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്.

chandrika: