X
    Categories: Newsworld

നികുതിവെട്ടിപ്പ്, കൊലപാതകം; മരുമകന്റെ പിതാവിന് ഉള്‍പ്പെടെ കൂട്ടമാപ്പ് നല്‍കി ട്രംപ്

വാഷിങ്ടന്‍: മരുമകന്‍ ജാറദ് കഷ്‌നറിന്റെ പിതാവ് ചാള്‍സ് കഷ്‌നര്‍, മുന്‍ ക്യാമ്പയ്ന്‍ ചെയര്‍മാന്‍ പോള്‍ മനാഫോര്‍ട്ട്, അസോഷ്യേറ്റായിരുന്ന റോജര്‍ സ്റ്റോണ്‍ എന്നിവര്‍ക്കുള്‍പ്പെടെ മാപ്പുനല്‍കി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 26 പേര്‍ക്കാണ് ബുധനാഴ്ച മാപ്പു നല്‍കിയത്. മൂന്നു പേരുടെ ശിക്ഷയില്‍ ഭാഗികമായോ പൂര്‍ണമായോ ഇളവും പ്രഖ്യാപിച്ചു.

റിയല്‍ എസ്റ്റേറ്റ് ഡവലപ്പറായ ചാള്‍സ് കഷ്‌നര്‍ നികുതി വെട്ടിപ്പ്, സാക്ഷിയെ സ്വാധീനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നേരത്തേ സമ്മതിച്ചിരുന്നു. 2004ല്‍ രണ്ടു വര്‍ഷത്തേക്കാണ് ഇദ്ദേഹത്തിന് ജയില്‍ ശിക്ഷ നല്‍കിയത്. ട്രംപുമായുള്ള കുടുംബബന്ധം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ മാപ്പ് പ്രതീക്ഷിച്ചിരുന്നതാണ്.

റഷ്യന്‍ കൂട്ടുകെട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവരില്‍ ഒരാളാണ് മനാഫോര്‍ട്ട്. 2016ലെ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ പങ്കിനെക്കുറിച്ചുള്ള കോണ്‍ഗ്രസ് അന്വേഷണത്തെ തടസ്സപ്പെടുത്തിയതിനും കോണ്‍ഗ്രസിനോട് കള്ളം പറഞ്ഞതിനുമാണ് സ്റ്റോണ്‍ ശിക്ഷിക്കപ്പെട്ടത്. ഇതിന്റെ ശിക്ഷയില്‍ നേരത്തേ ട്രംപ് ഇളവ് നല്‍കിയിരുന്നു.

യുഎസിനെതിരെ നീക്കം നടത്തുകയും നിയമസംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുയും ചെയ്തവര്‍ക്കാണ് ട്രംപ് മാപ്പു നല്‍കിയതെന്ന് ഡമോക്രാറ്റുകള്‍ ആരോപിച്ചു. ജയില്‍ ശിക്ഷയില്‍ ഉള്‍പ്പെടെയാണ് ഇളവുകള്‍.

web desk 3: