X

ട്രംപിന്റെ ഹെയര്‍സ്റ്റൈലിന് 51 ലക്ഷം രൂപ, ഇവാന്‍കയ്ക്ക് മേക്കപ്പിടാന്‍ 73 ലക്ഷം! – ട്രംപിന്റെ നികുതി വെട്ടിപ്പുകള്‍ പുറത്ത്

വാഷിങ്ടണ്‍: വിശ്വസിച്ചാലും ഇല്ലെങ്കിലും സംഗതി സത്യമാണ്. യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഹെയര്‍ സ്‌റ്റൈലിനായി ഒരിക്കല്‍ ചെലവഴിച്ചത് എഴുപതിനായിരം യുഎസ് ഡോളറാണ്. നിലവിലെ മൂല്യപ്രകാരം 5,194,223 ഇന്ത്യന്‍ രൂപ. വിഖ്യാത യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്.

അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ദ അപ്രന്റിസില്‍ മുഖം കാണിക്കാനാണ് അരക്കോടി രൂപ ചെലവഴിച്ച് ട്രംപ് മുടിയും മുഖവും സ്റ്റൈലാക്കിയത്. ഷോയിലെ ഹോസ്റ്റായിരുന്നു ട്രംപ്. ഇതു കൂടാതെ മകള്‍ ഇവാന്‍ക ട്രംപിന്റെ മുടിക്കും മേയ്ക്ക് അപ്പിനുമായി ട്രംപിന്റെ ഒമ്പത് സ്ഥാപനങ്ങള്‍ ചെലവഴിച്ചത് ഒരു ലക്ഷം യുഎസ് ഡോറളാണ്. 73 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ!

ട്രംപിന്റെ നുകുതി വെട്ടിപ്പിനെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. തെരഞ്ഞെടുപ്പ് ജയിച്ച 2016 ലും തൊട്ടടുത്ത വര്‍ഷത്തിലുംട്രംപ് ആദായ നികുതി അടച്ചത് വെറും 750 ഡോളറാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കഴിഞ്ഞ 15 വര്‍ഷത്തില്‍ പത്തു വര്‍ഷമായി ട്രംപ് നികുതിയടച്ചിട്ടില്ലെന്നും ലോങ് കണ്‍സീല്‍ഡ് റെക്കോര്‍ഡ് ഷോ ട്രംപ്‌സ് ക്രോണിക് ലോസക് ആന്‍ഡ് ഇയേഴ്‌സ് ഓഫ് ടാക്‌സ് അവോയ്ഡന്‍സ് എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 18 വര്‍ഷത്തെ പ്രസിഡണ്ടിന്റെ നികുതി റിട്ടേണുകളാണ് പത്രം പരിശോധിച്ചത്. ഇതില്‍ 11 വര്‍ഷവും ട്രംപ് നികുതി അടച്ചിട്ടില്ല.

യുഎസ് സര്‍ക്കാറിന്റെ ഇന്റേണല്‍ റവന്യൂ സര്‍വീസിന് മുമ്പില്‍ ട്രംപ് വെളിപ്പെടുത്തിയ വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് ചോര്‍ത്തിയത്. ഏതെങ്കിലും സ്വതന്ത്ര അന്വേഷണ ഏജന്‍സിയുടെ വിവരങ്ങല്ല ഇതെന്നും പത്രം വ്യക്തമാക്കി. 2018ലെ ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍ 766-ാം സ്ഥാനത്താണ് ട്രംപ്.

Test User: