X

തുര്‍ക്കി-സിറിയ ഭൂചലനത്തില്‍ മരണം 12000 കടന്നു

തുര്‍ക്കി-സിറിയ ഭൂചലനത്തില്‍ മരണം 12000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഉര്‍ദുഗാന്‍ ഇന്നലെ സന്ദര്‍ശനം നടത്തി. വിദേശ രാജ്യങ്ങളില്‍ നിന്നും അയല്‍ രാഷ്ട്രങ്ങളില്‍ നിന്നുമുള്ള ദുരന്ത നിവാരണ സേനകള്‍ കൂടി എത്തിയതോടെ രക്ഷാ പ്രവര്‍ത്തനത്തിന് വേഗം കൂടിയിട്ടുണ്ട്. ദുരന്തം നടന്ന് മൂന്നു ദിവസം പിന്നിട്ടതോടെ രക്ഷാ പ്രവര്‍ത്തകരുടെ നെഞ്ചിടിപ്പിനും വേഗം കൂടുകയാണ്. സമയം വൈകുന്തോറും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ ആളുകളുടെ അതിജീവന സാധ്യത കുറയും എന്നതാണ് കാരണം. ആയിരക്കണക്കിന് മനുഷ്യര്‍ ഇപ്പോഴും തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികളില്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്.

തുര്‍ക്കി നഗരമായ ഹതായിലെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് ഇന്നലെയും രക്ഷാ സേന നിരവധി പേരെ ജീവനോടെ രക്ഷപ്പെടുത്തി. എട്ടു വയസ്സുകാരനും സിറിയന്‍ അഭയാര്‍ത്ഥി ബാലികയും ഇതില്‍ ഉള്‍പ്പെടും. 45 മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ അഭയാര്‍ത്ഥി ബാലികക്ക് കുപ്പിയുടെ അടപ്പിലാക്കി രക്ഷാ പ്രവര്‍ത്തകര്‍ നല്‍കിയ കുടിവെള്ളം മാത്രമായിരുന്നു ആശ്രയം. സിറിയയിലെ സലാഖിനില്‍ 42 മണിക്കൂറിലധികം കുടുങ്ങിക്കിടന്ന ബാലനെ യും രക്ഷാ പ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. കോണ്‍ക്രീറ്റ് ബീമുകള്‍ മുറിച്ചു നീക്കി മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിലൂടെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

webdesk11: