X

ഖത്തറിന്റെ അവകാശങ്ങള്‍ മാനിക്കണമെന്ന് തുര്‍ക്കി

അങ്കാറ: അറബ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിന് ശ്രമം തുടരവെ ഖത്തറിന്റെ അവകാശങ്ങള്‍ മാനിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. സത്യസന്ധവും പരസ്പര ബഹുമാനത്തോടെയുമുള്ള ചര്‍ച്ചകളിലൂടെ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രി ഫിക്രി ഐസിക് പറഞ്ഞു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയയോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിലെ തുര്‍ക്കി സൈനിക താവളം അടക്കണമെന്ന ആവശ്യം ഫിക്രി തള്ളി. ഖത്തറില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുകയും സൈനിക പരിശീലനം നല്‍കുകയും ചെയ്യുന്ന രണ്ട് കരാറുകള്‍ക്ക് തുര്‍ക്കി പാര്‍ലമെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. അറബ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തറിലെ തുര്‍ക്കി സൈനിക താവളം അടച്ചുപൂട്ടണമെന്നതടക്കം 13 നിര്‍ദേശങ്ങള്‍ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഈ ആവശ്യങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉര്‍ദുഗാനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വെള്ളിയാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു.

chandrika: