X

ജപ്തി നടപടികൾ ഏകപക്ഷീയവും പ്രതിഷേധാർഹവുമാണെന്ന് ടിവി ഇബ്രാഹിം എം.എല്‍.എ

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ അവർ നടത്തിയ ഹർത്താലിനിടയിൽ സംഭവിച്ച അനിഷ്ട സംഭവങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ എന്ന പേരിൽ പിണറായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ജപ്തി നടപടികൾ ഏകപക്ഷീയവും പ്രതിഷേധാർഹവുമാണെന്ന് ടിവി ഇബ്രാഹിം എം.എല്‍.എ പറഞ്ഞു.
ഹർത്താലിന്റെ മറവിൽ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നിയമാനുസൃതമുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഇവിടെ ആരും എതിരല്ല. എന്നാൽ, പിണറായി സർക്കാരിന്റെ ജപ്തി നടപടികൾ പോപ്പുലർ ഫ്രണ്ടുകാരിൽ ഒതുങ്ങി നിൽക്കുന്നില്ല. ഈ അവസരം ഉപയോഗിച്ച് നിരപരാധികളായ നിരവധി പൗരൻമാരുടെ സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടുന്നുണ്ട്. അവരിൽ വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞവരും വർഷങ്ങളായി വിദേശ രാജ്യങ്ങളിൽ കഴിയുന്നവരുന്നുണ്ട്. മുസ്‌ലിം ലീഗിന്റെയും മറ്റ് പല സംഘടനകളുടെയും പ്രവർത്തകരുണ്ട്. ഇടതുപക്ഷത്തെ പിന്തുണക്കുന്നവർ പോലുമുണ്ട്. പോപ്പുലർ ഫ്രണ്ട് വേട്ട എന്ന പേരിൽ നിരവധി പൗരൻമാരുടെ പട്ടിക തയ്യാറാക്കി സർക്കാർ നടത്തുന്ന ജപ്തി നടപടികൾ യഥാർത്ഥത്തിൽ മോദി സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ വേട്ടയുടെ അതേ മാതൃകയിൽ ഉള്ളതാണ്.
ഹർത്താലിലെ നാശനഷ്ടങ്ങൾക്ക് പരിഹാരം അതിനുത്തരവാദികളായ പാർട്ടി പ്രവർത്തകരുടെ സ്വത്തുവകകൾ ജപ്തി ചെയ്യലാണെങ്കിൽ, ഉദ്യോഗസ്ഥർ ആദ്യം പോകേണ്ടത് എകെജി സെന്ററിലേക്കാണ്. കാലാകാലങ്ങളായി ഹർത്താലിന്റെ മറവിൽ  പൊതുമുതൽ നശിപ്പിച്ച പാരമ്പര്യമുള്ള സിപിഎം പാർട്ടിയുടെ ആസ്ഥാനത്തേക്ക്. അതോടൊപ്പം, ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന ഹർത്താലുകളുടെ മറവിൽ നശിപ്പിക്കപ്പെട്ട പൊതുമുതലിന് ആരിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കിയതെന്ന് കൂടി പിണറായി സർക്കാർ വെളിപ്പെടുത്തണം. ലോകം ഒന്നാകെ നോക്കിനിൽക്കെ നിയമസഭ അടിച്ചുതകർത്ത വീരവിപ്ലവകാരികളെ സർക്കാരിന്റെയും പാർട്ടിയുടെയും താക്കോൽ സ്ഥാനങ്ങളിൽ കുടിയിരുത്തിയ പിണറായി വിജയന്റെ സർക്കാരാണ് ജപ്തി നടപടികളുമായി നിരപരാധികളെ വേട്ടയാടുന്നത്. ഏകപക്ഷീയമായ ഈ നടപടികൾ നിയമസഭയിലും പൊതുവേദികളിലും ചോദ്യം ചെയ്യും.

Chandrika Web: