X

ബി.ജെ.പിയുടെ വിവാദ കാര്‍ട്ടൂണ്‍ നീക്കം ചെയ്ത് ട്വിറ്റര്‍

ന്യൂഡല്‍ഹി: 2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസില്‍ 38 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ വിധിയെ അഭിനന്ദിച്ചുള്ള ബി.ജെ.പി ഗുജറാത്ത് ഘടകത്തിന്റെ വിവാദ കാര്‍ട്ടൂണ്‍ ട്വിറ്റര്‍ നീക്കം ചെയ്തു. തലയില്‍ തൊപ്പി ധരിച്ചതും മുസ്‌ലിം വേഷധാരികളുമായ പുരുഷന്‍മാര്‍ കുരുക്കില്‍ തൂങ്ങിക്കിടക്കുന്നതാണ് കാര്‍ട്ടൂണായി ചിത്രീകരിച്ചിരുന്നത്. അതില്‍ ഒരു ത്രിവര്‍ണ പതാകയും പശ്ചാത്തലത്തില്‍ ബോംബ് സ്‌ഫോടനത്തിന്റെ ചിത്രവുമുണ്ടായിരുന്നു. അതിന്റെ മുകളില്‍ വലത് ഭാഗത്ത് ‘സത്യമേവ ജയതേ’ എന്ന് എഴുതിയിരിക്കുന്നു.

കേസില്‍ 38 പ്രതികള്‍ക്ക് പ്രത്യേക കോടതി വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചതിന് തൊട്ടുപിന്നാലെയാണ് ശനിയാഴ്ച ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. ഇത് വിവാദമായതോടെ ഏതെങ്കിലും മതത്തെയോ സമുദായത്തെയോ ലക്ഷ്യം വയ്ക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന വക്താവ് ഡോ. രുത്വിജ് പട്ടേലിന്റെ വിശദീകരണം.

അതേസമയം കാര്‍ട്ടൂണ്‍ നീക്കം ചെയ്ത ട്വിറ്ററിന്റെ നടപടിയെ കോണ്‍ഗ്രസും സാമൂഹ്യ പ്രവര്‍ത്തകരും സ്വാഗതം ചെയ്തു. വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പ്രതികരിച്ചു. 2008ലെ സ്‌ഫോടന പരമ്പരയില്‍ 56 പേര്‍ മരിക്കുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ 38 പേര്‍ക്ക് വധശിക്ഷയാണ് വിധിച്ചത്.

web desk 3: