X
    Categories: indiaNews

അകാലിദളിന് പിന്നാലെ കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായി ജെജെപിയും; എന്‍ഡിഎ പിളരുന്നു-ഹരിയാനയില്‍ ബിജെപിക്ക് തിരിച്ചടി

ഡല്‍ഹി: കര്‍ഷക ബില്ലുകള്‍ക്ക് ഇരുസഭകളും അംഗീകാരം നല്‍കിയതിന് പിന്നാലെ രാജ്യമൊട്ടാകെ തെരുവിലിറങ്ങി കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്ത് കര്‍ഷക പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുന്ന കാഴ്ചയാണ് വരുന്നത്. ബില്ലിനെതിരെ ഹരിയാനയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. ഹരിയാനയിലെ മിക്ക റോഡുകളും കര്‍ഷകര്‍ കയ്യേറി. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് കര്‍ഷകകരുടെ ട്രാക്ടര്‍ റാലി ആരംഭിച്ചു. ഇവരെ ഹരിയാനയില്‍ വച്ച് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ അംബാല-മൊഹാലി ഹൈവേയിലെ പൊലീസ് ബാരിക്കേഡുകള്‍ വച്ച് അടച്ചത് മാറ്റാന്‍ കര്‍ഷകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.


 

അതിനിടെ, പഞ്ചാബിലെ കര്‍ഷകരെ നിസ്സാരരായി കാണരുത് എന്ന് സഖ്യ കക്ഷിയായ അകാലിദള്‍ എംപി നരേഷ് ഗുജ്റാള്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ‘പഞ്ചാബിലെ കര്‍ഷകര്‍ ദുര്‍ബലരാണെന്ന് നിങ്ങള്‍ വിചാരിക്കരുത്. എല്ലാ പഞ്ചാബികളും നമ്മുടെ ഗുരുവിന്റെ മക്കളാണ്, അവരില്‍നിന്നാണ് ത്യാഗത്തെ കുറിച്ചും അടിച്ചമര്‍ത്തലിനെതിരെ പോരാടാനും ഞങ്ങള്‍ പഠിച്ചത്. പഞ്ചാബിലെ കര്‍ഷകരെ അടിച്ചമര്‍ത്തിയാല്‍ അകാലിദാള്‍ അവര്‍ക്കൊപ്പം മാത്രമേ നില്‍ക്കൂ.’- ഗുജ്റാള്‍ പറഞ്ഞു.

അതേസമയം, ഹരിയാനയിലെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ രണ്ട് ജന്നായക് ജനതാ പാര്‍ട്ടി (ജെജെപി) എംഎല്‍എമാര്‍ പങ്കെടുത്തു. ഹരിയാനയില്‍ മുതിര്‍ന്ന നേതാവ് ദുശ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയായ ബിജെപിയുമായുള്ള സഖ്യ സര്‍ക്കാറിന്റെ ഭാഗമാണ് ജെജെപി. പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്കൊപ്പം ബര്‍വാല എംഎല്‍എ ജോഗി റാം സിഹാഗും ഷഹാബാദ് എംഎല്‍എ രാം കരണ്‍ കാലയും പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ”തങ്ങളുടെ നിയോജകമണ്ഡലത്തിലെ ആളുകള്‍ ബില്‍ വിഷയത്തില്‍ തങ്ങളോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാവുമെന്നും, എംഎല്‍എമാര്‍ പ്രതികരിച്ചു.

ബില്ലുകള്‍ കര്‍ഷകന് അനുകൂലമാണെന്നാണ് തങ്ങള്‍ ആദ്യം കരുതിയിരുന്നതെന്നും എന്നാല്‍ പിന്നീട് കാര്യങ്ങള്‍ പഠിച്ചുവെന്നും ബില്ലുകള്‍ പിന്‍വലിക്കല്‍ നനിര്‍ബന്ധമാണെന്നും ഇക്കാര്യം പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കുമെന്നും നിയമസഭാംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ ആയിരക്കണക്കിന് വരുന്ന കര്‍ഷകര്‍ നാഷണല്‍ ഹൈവേ 344 ഉള്‍പ്പെടെയുള്ള പാതകള്‍ ഉപരോധിക്കുകയാണ്.

വിവാദമായ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കര്‍ഷക ബില്‍ അവതരിപ്പിക്കുന്നതിനിടെ രാജ്യസഭാ ഉപാധ്യക്ഷന്‍ പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. വിഷയത്തില്‍ രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയവുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കി. കര്‍ഷകരുടെ മരണ വാറണ്ടാണ് ബില്ലുകളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ലോക്സഭ പാസാക്കിയ ബില്ല് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്.

എന്‍ഡിഎ സഖ്യ കക്ഷിയായ അകാലിദള്‍, രാജ്യസഭയില്‍ സര്‍ക്കാരിനെ എല്ലായ്പ്പോഴും പിന്തുണക്കാറുള്ള ബിജു ജനതാദള്‍ എന്നിവരടക്കം ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കര്‍ഷക ബില്ലിനെ തുടര്‍ന്ന് അകാലിദള്‍ മന്ത്രിയെ പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ളവരടക്കം 12 എംപിമാര്‍ സഭപിരിഞ്ഞതിന് ശേഷവും രാജ്യസഭയുടെ നടത്തുളത്തില്‍ ധര്‍ണ നടത്തി.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് ഇന്ന് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ബില്ലുകള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

 

chandrika: