X

ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍: ബ്രസീല്‍ പടയില്‍ വെനിഷ്യസ് ജൂനിയറില്ല

കൊച്ചി: അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന്റെ ആരവം ഉയരുമ്പോള്‍ കാല്‍പന്തിന്റെ തട്ടകമായ ബ്രസീലില്‍ നിന്നും ആരാധകരെ തേടിയെത്തുന്നത് സങ്കടവാര്‍ത്ത. പന്തുരുളാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ബ്രസീലിന്റെ അദ്ഭുത ബാലന്റെ പിന്മാറ്റം ഫുട്ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തിയത്. പുതിയ പെലെയെന്നും നെയ്മറെന്നും അറിയപ്പെടുന്ന ലോകഫുട്ബോളിലെ പ്രശസ്തനായ പതിനാറുകാരന്‍ വിനീഷ്യസ് ജൂനിയറിന്റെ പിന്‍മാറ്റമാണ് ബ്രസീല്‍ ടീമിന്റെ തന്നെ ആവേശം കെടുത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്.

അണ്ടര്‍-17 ഫുട്ബോള്‍ കളിക്കാനായി വിനീഷ്യസ് ഇന്ത്യയിലെത്തില്ലെന്ന് ടീം മീഡിയ ഓഫീസര്‍ ഗ്രിഗോറിയോ ഫര്‍ണാണ്ടസ് അറിയിച്ചു.

താരത്തെ വിട്ടുനല്‍കാന്‍ ക്ലബ്ബ് തടസ്സം നിന്നതാണ് വിനീഷ്യസിന്റെ അണ്ടര്‍-17 ലോകകപ്പ് സ്വപ്നങ്ങള്‍ ഇല്ലാതാക്കിയത്. വിനീഷ്യസിനെ ലോകകപ്പിന് വിട്ടുകൊടുക്കേണ്ടതില്ലെന്ന് റയല്‍ മാഡ്രിഡും ഫ്‌ലെമിംഗോയും തമ്മില്‍ ധാരണയിലെത്തിയതോടെയാണ് ഈ അദ്ഭുത ബാലന്റെ പ്രകടനം നേരിട്ടു കാണാനുള്ള അവസരം ഇന്ത്യയിലെ ആരാധകര്‍ക്ക് നഷ്ടമാകുന്നത്. ഫുട്‌ബോളിലെ അദ്ഭുത ബാലനായി അറിയപ്പെടുന്ന വിനീഷ്യസിനെ ബ്രസീലിയന്‍ ക്ലബായ ഫ്‌ലെമിംഗോയില്‍നിന്നു പൊന്നുംവിലക്ക്, നേരത്തെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡ് സ്വന്തമാക്കിയിരുന്നു.


ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ (സിബിഎഫ്) ്പ്രഖ്യാപിച്ച 21 അംഗ ടീമില്‍ വെനീഷ്യസ് ജൂനിയര്‍ ഉണ്ട്. ബ്രസീല്‍ ടീം ഈ മാസം 25ന് ഇന്ത്യയിലെത്തുമെന്നായിരുന്നു വിവരം. ബ്രസീലിയന്‍ ലീഗില്‍ ഫ്ളെമന്‍ഗോയുടെ താരമായ വെനീഷ്യസ് ജൂനിയര്‍ ദക്ഷിണ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ ഏഴ് ഗോളുകള്‍ അടിച്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ദക്ഷിണ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പിലെ മികച്ച താരമായും വെനീഷ്യസിനെ തെരഞ്ഞെടുത്തിരുന്നു.

chandrika: