X

യു.എ.ഇ ദേശീയദിനം: ഓഫര്‍ പ്രതീക്ഷയില്‍ വിമാന ടിക്കറ്റെടുക്കാന്‍ പ്രവാസികള്‍

അബുദാബി:യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിമാനക്കമ്പനികള്‍ പ്രത്യേക ഓഫര്‍ നല്‍കിയേക്കുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍ വിമാന ടി ക്കറ്റെടുക്കാന്‍ കാത്തിരിക്കുന്നു. ഡിസംബറില്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയായതിനെത്തുടര്‍ന്നാണ് ഓഫര്‍ പ്രതീക്ഷയുമായി പ്രവാസി മലയാളികള്‍ വെബ്‌സൈറ്റില്‍ കണ്ണുംനട്ട് കാത്തിരിക്കുന്നത്.

സാധാരണ സമയങ്ങളില്‍ 600ദിര്‍ഹത്തിന് ലഭിക്കുന്ന അബുദാബി-കൊച്ചി ടിക്കറ്റിന് അടുത്ത മാസം പകുതിയോടെ ഒരുവശത്തേക്ക് 1300ദിര്‍ഹമാണ് ചുരുങ്ങിയ നിരക്കായി പ്രഖ്യാപിച്ചിട്ടുള്ളത്. ക്രിസ്മസ്സ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കും മറ്റുമായി നാട്ടില്‍ പോകാനിരിക്കുന്നവര്‍ക്ക് 2000ദിര്‍ഹമുണ്ടെങ്കില്‍ മാത്രമെ പോയിവരാന്‍ കഴിയുകയുള്ളുവെന്നതാണ് അവസ്ഥ. അതുകൊണ്ടുതന്നെ യു.എ.ഇ ദേശീയ ദിനാഘോഷ ഭാഗമായി എയര്‍ലൈനുകള്‍ പ്രത്യേക ഓഫര്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് നിരവധി പേര്‍ കഴിയുന്നത്.

 
മുന്‍കാലങ്ങളില്‍ പല എയര്‍ലൈനുകളും സാധാരണ നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ ഡിസംബര്‍ രണ്ടിന് ടിക്കറ്റുകള്‍ വിറ്റഴിച്ചിരുന്നു. ഈ വര്‍ഷവും ഇത്തരത്തിലുള്ള ഓഫറുകള്‍ കാത്തിരിക്കുന്നുണ്ടെങ്കിലും ലഭ്യതയെക്കുറിച്ച് യാതൊരുവിധ ഉറപ്പുമില്ല. ചില എയര്‍ലൈനുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയദിനാഘോഷ സ്‌പെഷ്യല്‍ നിരക്ക് എന്ന പേരില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും കാര്യമായ ഫലമുള്ളവയല്ല എന്നാണ് പ്രവാസികള്‍ വിലയിരുത്തുന്നത്.

2017 ജൂണ്‍ വരെയുള്ള ഓഫറുകളും ചില എയര്‍ലൈനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ നിരക്ക് വര്‍ധിപ്പിക്കുന്ന സമയത്ത് യാതൊരുവിധ കുറവും അവിടെയും കാണുന്നില്ലെന്നാണ് പ്രവാസികള്‍ പറയുന്നത്.  മുന്‍കൂട്ടി ടിക്കറ്റ് വിറ്റഴിക്കുന്നതിലൂടെ വന്‍നേട്ടമുണ്ടാക്കാനാണ് ഇതിലൂടെ വിമാനക്കമ്പനികള്‍ ശ്രമിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വേനല്‍ അവധിക്കാലത്തിനുപുറമെ മറ്റു സമയങ്ങളിലും ഇരട്ടി നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരികയാണ്.

chandrika: