X

അഴിമതിയാരോപിതനായ മലയാളിയെ ദുബൈ കോടതി വെറുതെ വിട്ടു

ദുബൈ: അഴിമതി ആരോപിക്കപ്പെട്ട് പൊലീസ് പിടിയിലായ മലപ്പുറം സ്വദേശിയായ യുവാവിനെ അപ്പീല്‍ കോടതി വെറുതെ വിട്ടു. ഞായറാഴ്ചയാണ് അനുകൂല വിധിയുണ്ടായത്.
കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നതും യുവാവ് പോലീസ് പിടിയിലായതും. തുടര്‍ന്ന്, യുവാവ് ദുബൈയിലെ ബിന്‍ ഈദ് അഡ്വകേറ്റ്‌സ് ആന്റ് ലീഗല്‍ കണ്‍സള്‍ട്ടന്റ്‌സിനെ സമീപിച്ചു. ജാമ്യത്തില്‍ വിട്ട യുവാവിനെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കുറ്റമുക്തനാക്കി ഉത്തരവ് ലഭിച്ചത്.

ദുബൈ ആരോഗ്യ വകുപ്പില്‍ സേവനമനുഷ്ഠിച്ചിരുന്ന യുവാവ് പണം ക്രയവിക്രയം നടത്തുന്നതില്‍ വീഴ്ച പറ്റിയെന്നായിരുന്നു ആരോപണം. ദുബൈ പ്രാഥമിക കോടതി മൂന്നു മാസം ജയില്‍, 5,000 ദിര്‍ഹം പിഴ, നാടുകടത്തല്‍ എന്നിവ വിധിച്ചിരുന്നു. തുടര്‍ന്ന്, അപ്പീല്‍ കോടതിയില്‍ നടന്ന നിയമ പോരാട്ടത്തില്‍ യുവാവിന്റെ നിഷ്‌കളങ്കത കോടതിക്ക് ബോധ്യപ്പെടുകയും തുടര്‍ന്ന് വിട്ടയക്കുകയുമായിരുന്നു.

തന്റെ മേല്‍ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളിലും നിന്നും കോടതി യുവാവിനെ മുക്തനാക്കി. യുവാവിന് വേണ്ടി ദുബൈ ബിന്‍ ഈദ് അഡ്വകേറ്റ്‌സ് ആന്റ് ലീഗല്‍ കണ്‍സള്‍ട്ടന്റ്‌സിലെ അഡ്വ. അബ്ദുല്‍ കരീം അഹമ്മദ് ബിന്‍ ഈദ്, അഡ്വ. അജി കുര്യാക്കോസ് എന്നിവര്‍ ഹാജരായി.

chandrika: