X
    Categories: MoreViews

ആ സിറിയന്‍ ബാലികയെ സ്വീകരിച്ച് ഉര്‍ദുഗാന്‍

അങ്കാറ: അലപ്പോയുടെ കണ്ണീര്‍സംഭവങ്ങള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ ഏഴ് വയസുകാരി സിറിയന്‍ പെണ്‍കുട്ടി ബന, തുര്‍ക്കി പ്രസിഡന്റ് റജത് ത്വിയ്യിബ് ഉര്‍ദുഗാനെ കണ്ടു. തന്റെ മടിയില്‍ ഇരിക്കുന്ന ബനയുടെ ചിത്രം ഉര്‍ദുഗാന്‍ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. സിറിയന്‍ ജനതയോടൊപ്പം എപ്പോഴുമുണ്ടാവുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തന്റെ ഔദ്യോഗിക വസതിയിലാണ് ബനക്കും കുടുംബത്തിനും ഉര്‍ദുഗാന്‍
സ്വീകരണമൊരുക്കിയത്.

സിറിയയില്‍ വിമത കേന്ദ്രമായിരുന്ന അലപ്പോയില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ച 25,000 പേരില്‍ ബനയും ഉമ്മ ഫാത്വിമായും ഉണ്ടായിരുന്നു. സിറിയന്‍ ഏകാധിപതി ബശര്‍ അല്‍ അസദിനെതിരെ പോരാടുന്ന വിമതരെ തുര്‍ക്കി പിന്തുണച്ചിരുന്നു. ഉമ്മയുടെ സഹായത്തോടെയായിരുന്നു ബന ട്വിറ്ററിലൂടെ അലപ്പോയിലെ ദുരിതങ്ങള്‍ ലോകത്തിന് മുന്നില്‍ വിവരിച്ചത്. ചിത്രങ്ങളായും കുറിപ്പുകളായും പ്രത്യക്ഷപ്പെട്ട ബനയുടെ ട്വീറ്റുകള്‍ മനസാക്ഷി മരവിച്ചിട്ടില്ലാത്തവരെ നടുക്കിയിരുന്നു.

352,000 ആളുകാണ് ബനയെ ട്വിറ്ററില്‍ പിന്തുടര്‍ന്നിരുന്നത്. ബനയും ഉമ്മയും അലപ്പോയില്‍ നിന്ന് കുടിയൊഴിഞ്ഞുവന്നാല്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. അലപ്പോയില്‍ വിമതരെ തുരത്തുന്ന നടപടി ഇപ്പോഴും അസദിന്റെ സേന നടത്തുന്നുണ്ട്. അലപ്പോയിലെ സാധാരണക്കാര്‍ ഭരണകൂട വാഴ്ചയില്‍ പൊറുതിമുട്ടിയിരിക്കുകയാണ്.

chandrika: