X

ഷാര്‍ജയില്‍ മലയാളിയെ ഇടങ്കാലിട്ട് വീഴ്ത്തി 2,500 ദിര്‍ഹം കവര്‍ന്നു

സുബൈര്‍ വള്ളിക്കാട്

ഷാര്‍ജ: റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന മലയാളിയെ ഇടങ്കാലിട്ടു വീഴ്ത്തി 2500 ദിര്‍ഹം കവര്‍ന്നു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ഷാര്‍ജ റോള മാര്‍ക്കറ്റിലാണ് സംഭവം. അക്രമികളില്‍പെട്ട ഒരാളെ ജനങ്ങള്‍ ഓടിച്ച് പിടികൂടി പോലീസില്‍ പോലീസില്‍ ഏല്‍പ്പിച്ചു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന വടകര വില്യാപ്പള്ളി സ്വദേശി മഠത്തില്‍ സജീറാണ് കവര്‍ച്ചക്കിരയായത്.

റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന സജീറിനെ ആഫ്രിക്കന്‍ വംശജനായ ആള്‍ പിന്നില്‍ നിന്ന് ഇടങ്കാല്‍ വെച്ച് വീഴ്ത്തുകയും ഉടന്‍ തന്നെ മറ്റൊരു ആഫ്രിക്കന്‍ വംശജന്‍ പിടിച്ച് ഇദ്ദേഹത്തെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ഇതിനിടയില്‍, മലയാളിയുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന 2500 ദിര്‍ഹം കൈക്കലാക്കിയ പോക്കറ്റടി സംഘം തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കിടയിലേക്ക് ഓടി മറയുകയുമായിരുന്നു.

അപകടം മനസിലാക്കിയ മലയാളി ബഹളം വെച്ച് പിന്നാലെ ഓടുകയും കണ്ടു നിന്ന ചില ബംഗ്ലാദേശുകാരുടെ സഹായത്തോടെ പോക്കറ്റടിക്കാരനില്‍ ഒരാളെ പിടികൂടുകയും ചെയ്തു. ജനങ്ങള്‍ നന്നായി കൈകാര്യം ചെയ്ത ശേഷമാണ് പോലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍, തന്റെ പോക്കറ്റില്‍ നിന്നും പണം കൈക്കലാക്കിയ അക്രമി ഓടി രക്ഷപ്പെട്ടതായി സജീര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. റോള മാര്‍ക്കറ്റില്‍ ഏറ്റവും തിരക്കേറിയ സമയത്താണ് സംഭവം. വഴിയരികിലൂടെ നടന്ന് പോകുന്നവരുടെ ശരീരത്തില്‍ തുപ്പുകയും മാപ്പ് പറഞ്ഞ് അത് വൃത്തിയാക്കുന്ന വ്യാജേന പണം കവരുകയും ചെയ്യുന്ന സംഘങ്ങളെ കുറിച്ചുള്ള വാര്‍ത്ത മിഡില്‍ ഈസ്റ്റ് ചന്ദ്രിക അടക്കമുള്ള പത്രങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തതാണ്.

എന്നാല്‍, നടന്ന് പോകുന്നവരെ പിന്നില്‍ നിന്ന് ഇടങ്കാല്‍ വെച്ച് തള്ളിയിട്ട് പണം തട്ടുന്ന സംഭവം ആദ്യമാണ്. തിരക്കേറിയ സ്ഥലത്തും സബ് വേ പോലുള്ള ഇടുങ്ങിയ വഴികളിലുമാണ് ഇത്തരം തട്ടിപ്പുകാരുടെ പ്രധാന കേന്ദ്രങ്ങള്‍. തിരക്കിനിടയിലൂടെ ധൃതി പിടിച്ച് പോകുന്നവരായി അഭിനയിക്കുന്ന പോക്കറ്റടി സംഘം നിമിഷങ്ങള്‍ക്കുള്ളിലാണ് ഇത്തരം വേലകള്‍ ചെയ്യുന്നതും ഒപ്പം പണം കവരുന്നതും.

chandrika: