X

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

അബുദാബി: അബുദാബിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അബുദാബി പൊലീസ് നല്‍കുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ കാര്‍ഡ് നേടാനുള്ള യോഗ്യതയുടെ ഭാഗമായാണ് പുതിയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അബുദാബി ക്വാളിറ്റി ആന്റ് കണ്‍ഫോമിറ്റി കൗണ്‍സിലാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.

ഇതിനായി പ്രത്യേക അപേക്ഷയും 150 ദിര്‍ഹമും നല്‍കണം. അപേക്ഷകന്റെ പൂര്‍ണ വിവരങ്ങള്‍, എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട്, വിസാ പേജ്, ഡ്രൈവിംഗ് ലൈസന്‍സ്, എമിറേറ്റ്‌സ് ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജോലി ചെയ്യുന്ന സ്‌കൂള്‍ മുഖേനയാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക. അതുകൊണ്ടുതന്നെ, സ്‌കൂള്‍ അധികൃതരാണ് ആദ്യം തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന ആവശ്യവുമായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഇമെയില്‍ വഴി ആവശ്യപ്പെട്ടാല്‍ ഇതിനാവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയ പ്രത്യേക രൂപരേഖ അധികൃതരില്‍ നിന്നും ലഭിക്കുന്നതാണ്. പൂര്‍ണ വിവരങ്ങളും മുഴുവന്‍ രേഖകളും ഉള്‍പ്പെടുന്ന അപേക്ഷ സമര്‍പ്പിച്ച് രണ്ടാഴ്ചക്കകം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഓരോ അപേക്ഷകന്റെയും 150 ദിര്‍ഹം വീതം നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയിലെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ച രേഖ നല്‍കുകയും വേണം. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷമാണ് അബുദാബി പൊലീസിന്റെ പ്രത്യേക പെര്‍മിറ്റ് നിര്‍ബന്ധമാക്കിയത്. പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ എമിറേറ്റ്‌സ് ഡ്രൈവിംഗ് കമ്പനിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തുടക്കത്തില്‍ തന്നെ നിലനിന്നിരുന്നു.

ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാനായി ഓരോരുത്തരില്‍ നിന്നും 2,150 ദിര്‍ഹമാണ് എമിറേറ്റ്‌സ് ഡ്രൈവിംഗ് കമ്പനി ഈടാക്കുന്നത്. ഏതാനും ദിവസത്തെ പ്രത്യേക ക്‌ളാസുകളും തുടര്‍ന്ന് എഴുത്തുപരീക്ഷയും നടത്തിയാണ് പ്രാഥമിക യോഗ്യത നേടുന്നത്. എത്ര വര്‍ഷത്തെ പഴക്കമുള്ള ഡ്രൈവര്‍മാരായിരുന്നാലും വീണ്ടും ബസ് ഓടിപ്പിക്കുകയും ജയപരാജയം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
എഴുത്തുപരീക്ഷയില്‍ വിജയം കൈവരിച്ചവര്‍ക്ക് മാത്രമാണ് റോഡില്‍ ബസ് ഓടിക്കാനുള്ള യോഗ്യത നല്‍കുന്നത്. ഇവയിലെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ക്കാണ് പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് ഗുണമേന്മ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്‌കൂള്‍ ബസ് ഓടിക്കുന്നവര്‍ പൂര്‍ണമായും യോഗ്യരാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ട ശേഷമേ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയുള്ളൂ.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്. അബുദാബി എജുകേഷന്‍ കൗണ്‍സില്‍ (അഡെക്), അബുദാബി പൊലീസ്, ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം എന്നിവ സ്‌കൂള്‍ സുരക്ഷയുടെ കാര്യത്തില്‍ ശക്തമായ നിബന്ധനകളാണ് നടപ്പാക്കിയിട്ടുള്ളത്. നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേക ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സിനു പുറമെ പൊലീസ് ക്‌ളിയറന്‍സ്, മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ്, എമിറേറ്റ്‌സ് ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നും പരിശീലനം നേടിയതിന്റെ രേഖകള്‍ എന്നിവ നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കണമെന്ന് നേരത്തെ നിബന്ധനയുണ്ട്.
പിന്നീടാണ് പൊലീസ് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പെര്‍മിറ്റ് കൂടി പ്രാബല്യത്തില്‍ കൊണ്ടുവന്നത്. നേരത്തെ, അബുദാബി ട്രാന്‍സ്‌പോര്‍ട്ട് വിഭാഗമാണ് പെര്‍മിറ്റ് നല്‍കിയിരുന്നത്. പിന്നീട് പൊലീസില്‍ നിന്ന് പെര്‍മിറ്റ് വേണമെന്ന നിയമം വന്നതോടെ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം പെര്‍മിറ്റ് നല്‍കുന്നത് അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ പൊലീസ് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് കൂടി നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വരുംദിവസങ്ങളില്‍ ഇതിനായി നൂറുകണക്കിന് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ അപേക്ഷ നല്‍കി കാത്തിരിക്കണം.

chandrika: