X

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ മലബാര്‍ യാത്രക്കാരെ പ്രയാസപ്പെടുത്തുന്നുവെന്ന്

സുബൈര്‍ വള്ളിക്കാട്

ഷാര്‍ജ: ഗള്‍ഫ് നാടുകളില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്ന മലബാറില്‍ നിന്നുള്ള യാത്രക്കാരെ കസ്റ്റംസ് അധികൃതര്‍ അനാവശ്യ ചോദ്യങ്ങളിലൂടെ പ്രയാസപ്പെടുത്തുന്നുവെന്നും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുവെന്നും പരാതി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ യാത്രക്കാരെയാണ് അധികൃതര്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നത്. വിമാന ടിക്കറ്റ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന മുറക്ക് മലബാറുകാരായ പ്രവാസികള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നത് സ്വാഭാവികമാണ്.

പല സീസണ്‍ സമയങ്ങളിലും കോഴിക്കോട്ടേതിനെക്കാള്‍ പൊതുവെ നിരക്ക് കുറവായതിനാലാണ് പലരും കൊച്ചിയിലേക്ക് ടിക്കറ്റെടുക്കുന്നത്. എന്നാല്‍, ഒരു പൗരന് ഇന്ത്യയിലെ ഏത് എയര്‍പോര്‍ട്ട് വഴിയും യാത്ര ചെയ്യാമെന്നിരിക്കെയാണ് മലബാറുകാരെ കൊച്ചി എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് സംശയാസ്പദ രീതിയില്‍ ചോദ്യം ചെയ്ത് വട്ടം കറക്കുന്നത്.

ഇതേക്കുറിച്ച് യാത്രക്കാരില്‍ ചിലര്‍ പറയുന്നതിങ്ങനെ: കൊച്ചിയില്‍ വിമാനമിറങ്ങി എമിഗ്രേഷന്‍ കഴിഞ്ഞയുടന്‍ മലബാറില്‍ നിന്നുള്ള യാത്രക്കാരാണെങ്കില്‍ ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ടിലെ അഡ്രസ് പേജ് നോക്കി വെക്കും. ലഗേജുമായി പുറത്തേക്ക് പോകുന്ന വഴിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പ്രസ്തുത വ്യക്തിയുടെ പിന്നാലെ കൂടും. ശേഷം, ഇവരുടെ വക പല തരത്തിലുള്ള ചോദ്യങ്ങളാണ്. എന്തിനാണ് കൊച്ചിയില്‍ വന്നത്, എന്ത്‌കൊണ്ട് കോഴിക്കോട് എയര്‍പോര്‍ട്ട് വഴി വന്നില്ല, സ്വര്‍ണം എത്ര കിലോ കൊണ്ട് വന്നിട്ടുണ്ട്, ലഗേജില്‍ എന്താണുള്ളത് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍. മാത്രവുമല്ല, ലഗേജും ഹാന്റ്ബാഗും വീണ്ടും സ്‌കാന്‍ ചെയ്യണം,

ലഗേജ് അഴിച്ച് പരിശോധിക്കണം എന്നിങ്ങനെ ആവശ്യപ്പെടുകയും സ്വര്‍ണം, സിഗരറ്റ് എന്നിവ അനധികൃതമായി കൊണ്ടു വന്നിട്ടുണ്ടോയെന്ന് സംശയം പ്രകടിപ്പിക്കുകയും പലതവണ തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ തൊടുത്ത് വിടുകയും ചെയ്യുന്നു. കോഴിക്കോട്ടുകാരനായ നൗഫല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുരുഷന്‍മാരെ മാത്രമല്ല സ്ത്രീകളെയും ഇതേ രീതിയില്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നത് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ സ്ഥിരം സംഭവമായിരിക്കുകയാണ്.

ഒറ്റക്ക് വരുന്ന സ്ത്രീകളെയും കുട്ടികളെയും ഈ ഉദ്യോഗസ്ഥരുടെ അനാവശ്യ ചോദ്യങ്ങള്‍ ഏറെ പ്രയാസത്തിലാക്കുകയാണ്. മുന്‍പരിചയമില്ലാത്ത യാത്രക്കാര്‍ ചോദ്യത്തിന് മുന്നില്‍ അന്ധാളിക്കുകയും പതറിപ്പോവുകയും ചെയ്യുന്നു. എന്നാല്‍, യാത്രക്കാരന്‍ ചോദ്യങ്ങളോട് ന്യായമായി പ്രതികരിച്ചാല്‍ അദ്ദേഹത്തെ പോകാന്‍ അനുവദിക്കാതെ മണിക്കൂറുകള്‍ പാസ്‌പോര്‍ട്ട് പിടിച്ച് വെക്കുകയും ലഗേജുകള്‍ അഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നും പറയുന്നു. ഈ സമയങ്ങളില്‍ മധ്യ കേരളത്തിലെയും തെക്കന്‍ കേരളത്തിലെയും നിരവധി യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത് യാതൊരു ചോദ്യം ചെയ്യലോ പ്രയാസമോ ഇല്ലാതെയാണെന്നതും ഓര്‍ക്കേണ്ടതാണ്.

മലബാറില്‍ നിന്നുള്ള യാത്രക്കാരല്ലാം എന്തോ ഒളിപ്പിച്ച് കടത്തുകയാണന്ന സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് മറ്റൊരു യാത്രക്കാരനായിരുന്ന എടപ്പാള്‍ സ്വദേശി റസാഖ് പറഞ്ഞു. നെടുമ്പാശ്ശേരി വഴി പുതിയ തൊഴില്‍ വിസയിലും വിസിറ്റ് വിസയിലും ഗള്‍ഫിലേക്ക് വരുന്ന മലബാറുകാരെയും ഉദ്യോഗസ്ഥര്‍ അനാവശ്യ ചോദ്യം ചെയ്യലിന് വിധേയരാക്കാറുണ്ട്. മനഷ്യക്കടത്താണോ ആള്‍മാറാട്ടമാണോ എന്നതാണ് അപ്പോഴുണ്ടാകുന്ന ഉദ്യോഗസ്ഥരുടെ സംശയം. ഇതില്‍ സ്ത്രീകളെ പോലും ചില എമിഗ്രേഷന്‍ അധികൃതര്‍ വെറുതെ വിടാറില്ലെന്നും പറയപ്പെടുന്നു.

chandrika: