X

സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് യു.എ.ഇ സഹായം: ഷാര്‍ജ സുല്‍ത്താന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് യു.എ.ഇയുടെ സഹായ വാഗ്ദാനം. കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ടറേറ്റ് ബിരുദം സര്‍വകലാശാല ചാന്‍സര്‍ ഗവര്‍ണര്‍ കൂടിയായ പി.സദാശിവത്തില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെ ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖാസിമിയാണ് സഹായവാഗ്ദാനം ചെയ്തത്. വിദ്യാഭ്യാസസ്ഥാപനങ്ങളെ ബന്ധപ്പെടുത്തി ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഇന്ത്യ-യു.എ.ഇ സഹകരണം വ്യാപിപ്പിക്കണമെന്നും അതിലൂടെ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാനാകുമെന്നും ഗവര്‍ണര്‍ പി.സദാശിവം സുല്‍ത്താനോട് ആവശ്യപ്പെട്ടിരുന്നു.

സഹകരിക്കാന്‍ തയാറുള്ള സര്‍വകലാശാലകള്‍ പദ്ധതികള്‍ തയാറാക്കി സമര്‍പ്പിച്ചാല്‍ സഹായം നല്‍കുമെന്നും സുല്‍ത്താന്‍ പറഞ്ഞു. നൂറ്റാണ്ടുകളായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഷാര്‍ജയും കേരളവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആറ് പതിറ്റാണ്ടായി ഈ ബന്ധം സംരംഭകത്വം, കച്ചവടം, പ്രൊഫഷണല്‍ മേഖലകള്‍ എന്നിവയുടെ പരസ്പരസഹകരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായത്. ഇരുനാടുകളുടെയും വിഭവശേഷി പ്രയോജനപ്പെടുത്തി വ്യവസായ-സേവന അനുബന്ധമേഖലകളില്‍ സംയുക്ത പ്രയത്‌നത്തോടെ കൂടുതല്‍ നേട്ടം കൈവരിക്കാനായി. ഈ നേട്ടങ്ങളെ ഷാര്‍ജ വിലമതിക്കുകയും ഒപ്പം പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യും.
വിദ്യാസമ്പന്നരായ യുവതയുടെ നൂതനമായ ആയശങ്ങള്‍ സമൂഹത്തിന്റെ സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് അനിവാര്യമാണെന്നും സുല്‍ത്താന്‍ ചൂണ്ടിക്കാട്ടി. കേരള സമൂഹത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ചെലുത്തുന്ന സ്വാധീനത്തെകുറിച്ച് ഷാര്‍ജക്ക് നല്ല ബോധ്യമുണ്ട്. മികവിന്റെ കേന്ദ്രമാകാന്‍ അക്ഷീണപ്രയത്‌നം നടത്തുന്ന സര്‍വകലാശാലക്ക് സുല്‍ത്താന്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചതിന് കേരളത്തോട് അദ്ദേഹം നന്ദിപറഞ്ഞു. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രൊ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, വൈസ് ചാന്‍സര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ എന്നിവരെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം ഷാര്‍ജ സര്‍ക്കാറിന്റെ നന്ദി അറിയിച്ചു. കേരളത്തില്‍ തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണവും ആതിഥേയത്വവും അവിസ്മരണീയമാണെന്ന് കൂട്ടിച്ചേര്‍ത്ത സുല്‍ത്താന്‍ കാലിക്കറ്റ് സര്‍വകലാശാലക്കും സര്‍വോപരി കേരള സമൂഹത്തിനും നന്ദി പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. രാജ്യാന്തരബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ നേട്ടങ്ങള്‍ കണക്കിലെടുത്താണ് ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖാസിമിക്ക് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചത്.

chandrika: