X

നവംബര്‍ 7 നകം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമെന്ന് ബിജെപി; ശരത് പവാറിനെ സമീപിച്ച് ഉദ്ദവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ബി. ജെ.പി ശ്രമം എങ്ങുമെത്താതെ തുടരുന്നതിനിടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാറുമായി ഫോണില്‍ സംസാരിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ഇന്നലെ രാത്രി ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ ഫോണില്‍ നിന്നും ശരദ് പവാറിന്റെ വസതിയിലേക്കാണ് താക്കറെ വിളിച്ചത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ശിവസേനയെ സഹായം തേടിയാണ് സംഭാഷണം നടന്നത്.

അതേസമയം, സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന ഭീഷണിയുമായി ബിജെപി രംഗത്ത്. നവംബര്‍ 7 നകം പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ സുധീര്‍ മുങ്കന്തിവാര്‍ വെള്ളിയാഴ്ച പറഞ്ഞു.

ഒക്ടോബര്‍ 21 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷവും സര്‍ക്കാര്‍ രൂപീകരണത്തില്‍ പുരോഗതി കാണാത്തതിനാലാണ് മന്ത്രിയുടെ പരാമര്‍ശം.

ഇന്നലെ സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ ശിവസേന പ്രതിനിധികള്‍ ഗവര്‍ണറെ കണ്ടിരിന്നു. ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയെ രാജ്ഭവനിലെത്തി കണ്ടത്. സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ക്കാവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്ന് കൂടിക്കാഴ്ചയില്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടതായി സംഘത്തിലുണ്ടായിരുന്ന നിയമസഭാ കക്ഷി നേതാവ് ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ഗവര്‍ണറെ കാണും മുമ്പ് ശിവസേന നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് ഷിന്‍ഡെയെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്‍ 50-50 ഫോര്‍മുല അംഗീകരിക്കുന്നത് വരെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് ശിവസേന ഇന്നലെയും ആവര്‍ത്തിച്ചു.

ശിവസേന വിചാരിച്ചാല്‍ മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപികരിക്കാനുള്ള പിന്തുണ ലഭിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയുടെ മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കണമെന്നാണ് ജനങ്ങള്‍ താല്‍പ്പര്യപ്പെടുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മന്ത്രിസഭയില്‍ നിര്‍ണായക വകുപ്പുകള്‍ ലഭിച്ചാല്‍ തങ്ങളുടെ ആവശ്യങ്ങളില്‍ നിന്നും പിന്‍മാറുമെന്ന റിപ്പോര്‍ട്ടുകള്‍ ശിവസേന തള്ളി. 50-50 ഫോര്‍മുല എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനക്കാരന്‍ മുഖ്യമന്ത്രിയാവുന്നതിന് ആവശ്യമെങ്കില്‍ കാത്തിരിക്കണമെന്നായിരുന്നു പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോട് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറേയുടെ ആഹ്വാനം. ഇതോടെ അധികാര തര്‍ക്കം ഉടന്‍ തീരുമെന്ന ബി.ജെ.പി പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. അതേ സമയം കോണ്‍ഗ്രസ്-എന്‍.സി.പി പാര്‍ട്ടികളുമായി ശിവസേന ബന്ധപ്പെടുന്നുണ്ടെന്ന കാര്യം പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.
ബി.ജെ.പിയുടെ പ്രശ്‌നം തങ്ങള്‍ക്ക് അറിയാമെങ്കിലും തങ്ങള്‍ക്ക് തങ്ങളുടെ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ടെന്നായിരുന്നു ഉദ്ദവ് താക്കറേയുടെ പ്രതികരണം. നിലപാടില്‍ വ്യക്തത വരുത്തുന്നത് വരെ ബി.ജെ.പിയുമായി ചര്‍ച്ചക്കില്ലെന്നും അമിത് ഷായും താനുമായി എന്ത് കരാറാണ് ഉണ്ടാക്കിയതെന്ന് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഫഡ്‌നാവിസ് ആദ്യം അക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് വേണ്ടതെന്നും ഉദ്ദവ് താക്കേറെ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.

chandrika: