X

പരിയാരത്തേക്ക് യു.ഡി.എസ്.എഫ് നടത്തിയ മാര്‍ച്ചില്‍ പൊലീസ് അക്രമം

തളിപ്പറമ്പ്: ക്രമാതീതമായ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കേളേജിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അക്രമം. ജലപീരങ്കിയും ലാത്തിയും ഉപയോഗിച്ച് പ്രവര്‍ത്തകരെ നേരിട്ട പൊലീസ് സമരക്കാരെ നേരിടാന്‍ വടിയും ഉപയോഗിച്ചു. ബ്‌ളാത്തൂര്‍ സ്വദേശിയായ എസ്.ഐ.ദിനേശനാണ് വടി ഉപയോഗിച്ച് സമരക്കാരെ അടിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു പിണറായി സര്‍ക്കാരിന്റെയും പരിയാരം മെഡിക്കല്‍ കോളേജില്‍ ലക്ഷങ്ങളുടെ അമിത ഫീസ് ഈടാക്കുന്ന സി.പി.എം ഭരണസമിതിയുടെയും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എസ്.എഫ്. നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്.
ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞ പൊലീസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥക്ക് ഇടയാക്കി. തുടര്‍ന്ന് രോഷാകുലരായ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. വെള്ളം ദേഹത്ത് ചീറ്റിയ ശേഷമാണ് എസ്.ഐ. ദിനേശന്റെ നേതൃത്വത്തില്‍ ഏതാനും പൊലീസുകാര്‍ വടി ഉപയോഗിച്ച് സമരക്കാരെ അടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പി. സി.അരവിന്ദാക്ഷന്‍, സി.ഐ.ആസാദ് തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പൊലീസുകാരെ മാറ്റി. അതിനിടെ സമരത്തിനിടെ പ്രകോപനം സൃഷ്ടിക്കാന്‍ പരിയാരം മെഡിക്കല്‍ കോളജിലെ സി.ഐ.ടി.യു.അനുകൂല ജീവനക്കാര്‍ തടിച്ചു കൂടിയിരുന്നു.

എന്നാല്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ഇവരെ വിരട്ടിയോടിച്ചു. തുടര്‍ന്ന് സമരം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.നവാസ് അധ്യക്ഷത വഹിച്ചു. മഹമൂദ് അള്ളാംകുളം, സി.പി.വി.അബ്ദുല്ല, അമീഷ് കുറുമാത്തൂര്‍, സി.പി.ഷൈജന്‍, നിഷാദ് കെ.സലിം, ഫൈസല്‍ ചെറുകുന്നോന്‍ എന്നിവര്‍ പ്രസംഗിച്ചു. ശരീഫ് വടക്കയില്‍, ഹാഷിം ബംബ്രാനി, കെ.എം.ഫവാസ്, ഷാക്കിര്‍ ആഡൂര്‍, സി.കെ.നജാഫ്, മുഹമ്മദ് കുഞ്ഞി കുപ്പം നേതൃത്വം നല്‍കി.

chandrika: