X
    Categories: indiaNews

രാജ്യം ഭരിക്കുന്നത് ആശയവും സംസ്‌കാരവും ഇല്ലാത്തവര്‍; ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉദ്ധവ് താക്കറെ

മുംബൈ: കേന്ദ്രസര്‍ക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആശയമോ മാനദണ്ഡങ്ങളോ സംസ്‌കാരമോ ഇല്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജിഎസ്ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാവണം. അല്ലെങ്കില്‍ മുമ്പ് നിലവിലുണ്ടായിരുന്ന സംവിധാനത്തിലേക്ക് തിരിച്ചുപോവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിന്റെ മറവില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ശിവസേനയുടെ ഹിന്ദുത്വയെ പരിഹസിച്ച ഗവര്‍ണറെയും ഉദ്ധവ് രൂക്ഷമായി കടന്നാക്രമിച്ചു. ശിവസേനയുടെ ഹിന്ദുത്വ ദേശീയതയുമായി ബന്ധപ്പെട്ടതാണ്, അല്ലാതെ മണി മുഴക്കുന്നതും പാത്രത്തില്‍ കൊട്ടുന്നതുമല്ല. ശിവസേനയുടെ ഹിന്ദുത്വത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി അതിന്റെ സ്വാഭാവികമായ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ശിരോമണി അകാലിദള്‍ മുന്നണി വിട്ടതും മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ പാര്‍ട്ടി വിട്ടതും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. വളരെക്കാലമായി മഹാരാഷ്ട്ര ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞങ്ങളെ താഴെയിറക്കുന്നതിന് മുമ്പ് നിങ്ങളുടെ പാര്‍ട്ടിയെയും സര്‍ക്കാറിനെയും സുരക്ഷിതമാക്കാനാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: