X

ആണവായുധ വില്‍പ്പന ഉത്തരകൊറിയ തുടരുന്നതായി യുഎന്നിന് രഹസ്യ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ആണവായുധ, മിസൈല്‍ പദ്ധതികള്‍ ഉത്തരകൊറിയ നിര്‍ത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്രഭസഭ. അന്താരാഷ്ട്ര ഉപരോധങ്ങള്‍ മറികടന്ന് ആയുധ വില്‍പ്പനയും എണ്ണ വിപണനവും രഹസ്യമായി തുടരുന്നുണ്ടെന്നും വിദഗ്ധരടങ്ങിയ സ്വതന്ത്ര സമിതി യു.എന്‍ രക്ഷാസമിതിക്ക് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും അനുരഞ്ജനത്തിന് ധാരണയിലെത്തിയ ശേഷവും ഉത്തരകൊറിയയുടെ സ്വഭാവത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഉത്തരകൊറിയയിലേക്കുള്ള എണ്ണകയറ്റുമതി തടയുന്നതിലും ഉപരോധം പരാജയപ്പെട്ടിരിക്കുകയാണ്. കടലില്‍ കപ്പലില്‍നിന്ന് കപ്പലിലേക്ക് രഹസ്യമായി പെട്രോളിയം ഉല്‍പന്ന കൈമാറ്റം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരകൊറിയയില്‍ ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണം നടക്കുന്നുണ്ടെന്ന് യു.എസ് ഇന്റലിജന്‍സും കണ്ടെത്തിയിട്ടുണ്ട്. വിദേശ ഇടനിലക്കാര്‍ മുഖേന ലിബിയ, യമന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യാനും ഉത്തരകൊറിയ ശ്രമിക്കുന്നുണ്ട്.

സാങ്കേതികവിദ്യ കൈമാറ്റവും പരസ്പര താല്‍പര്യമുള്ള മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരു ഹെയ്തി നേതാവ് ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥരെ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലേക്ക് ക്ഷണിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഹെയ്തി നേതാവിന്റെ കത്ത് യു.എന്‍ സംഘം കണ്ടെടുത്തിട്ടുണ്ട്. ഉത്തരകൊറിയക്കെതിരെയുള്ള യു.എന്‍ ഉപരോധം ഫലപ്രദമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് യു.എന്‍ രക്ഷാസമിതി സ്വതന്ത്ര സംഘത്തെ നിയോഗിച്ചത്. എന്നാല്‍ ഉത്തരകൊറിയയുടെ ആണവനിരായുധീകരണം സാധ്യമാക്കാന്‍ സമയമെടുക്കുമെന്നും ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില്‍ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

യു.എന്‍ ഉപരോധങ്ങള്‍ മറികടക്കാന്‍ ഉത്തരകൊറിയ നടത്തുന്ന ശ്രമങ്ങള്‍ അമേരിക്ക ഗൗരവത്തോടെ എടുക്കും. സാമ്പത്തിക, നയതന്ത്ര സമ്മര്‍ദ്ദങ്ങളിലൂടെ ആണവനിരായുധീകരണത്തിന് പ്രേരിപ്പിക്കുകയാണ് പ്രധാനം. നിശ്ചിത സമയപരിധിക്കുള്ളില്‍ അത് സാധ്യമാകുമെന്നും യു.എന്‍ രക്ഷാസമിതി ആഗ്രഹിക്കുന്നത് പുലരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2006ല്‍ ആദ്യ ആണവായുധ പരീക്ഷണത്തിന് ശേഷമാണ് ഉത്തരകൊറിയക്കെതിരെ ആദ്യമായി യു.എന്‍ ഉപരോധമേര്‍പ്പെടുത്തിയത്. അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചതായി കഴിഞ്ഞ നവംബറില്‍ ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു. ഉത്തരകൊറിയന്‍ കമ്പനികളുമായി കൈകോര്‍ത്ത് ഉത്തരകൊറിയക്കാര്‍ക്ക് പുതിയ വിസകള്‍ അനുവദിച്ചും റഷ്യ യു.എന്‍ ഉപരോധങ്ങള്‍ ലംഘിക്കുകയാണെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്.

chandrika: