X

വന്യമൃഗ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ ധനസഹായ വിതരണം അനിശ്ചിതത്വത്തില്‍

വന്യമൃഗ അക്രമണങ്ങളില്‍ പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ അഞ്ച്‌
വര്‍ഷത്തിനിടയില്‍ കാട്ടുപന്നി അക്രമണങ്ങളില്‍ പരിക്കേറ്റ 1484 പേരില്‍ 612 പേര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. വന്യമൃഗ അക്രമണങ്ങളില്‍ ഗുരുതര പരിക്കേറ്റ പലര്‍ക്കും സ്വന്തമായി ജോലിക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്.

2023 മെയ് 27 നാണ് റബ്ബര്‍ ടാപ്പിംഗിനായി പിതാവിനൊപ്പം വീടിന് സമീപത്തെ തോട്ടത്തില്‍ എത്തിയ ഭിന്നശേഷിക്കാരനായ കട്ടിപ്പാറ പിലാക്കണ്ടി സ്വദേശി റിജേഷിനെ കാട്ടുപോത്ത് ആക്രമിക്കുന്നത്. വയറിന് ഗുരുതരമായി പരിക്കേറ്റ റിജേഷ് 14 ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. ഇപ്പോഴും ശാരീരിക ബുദ്ധിമുട്ടുകള്‍ റിജേഷിനെ അലട്ടുന്നുണ്ട്. ഒന്നര ലക്ഷത്തില്‍ അധികം രൂപ റിജേഷിന്റെ ചികിത്സക്കായി കുടുംബം ചിലവാക്കി. നഷ്ടപരിഹാരമായി സര്‍ക്കാരില്‍നിന്നും ലഭിച്ചത് 15000 രൂപ മാത്രം.

കട്ടിപ്പാറ കോളിക്കല്‍ സ്വദേശി മുഹമ്മദ് അലിയെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കാട്ടുപന്നി ആക്രമിച്ചത് 2023 ആഗസ്റ്റ് 21 നാണ്. ജനവാസ മേഖലയില്‍ വീടിന് തൊട്ടടുത്ത് വെച്ചായിരുന്നു കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റു, കാലിന് ശസ്ത്രക്രിയ ചെയ്തു. വാക്കറിന്റ സഹായത്തോടെയാണ് ഇപ്പോഴും നടക്കുന്നത്. നഷ്ടപരിഹാരമായി ഒരു രൂപ പോലും മുഹമ്മദ് അലിക്ക് ലഭിച്ചിട്ടില്ല.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ കാട്ടുപന്നി ആക്രമണത്തില്‍ മാത്രം പരിക്കേറ്റത് 1484 പേര്‍ക്കാണ്. അതില്‍ നഷ്ടപരിഹാരം ലഭിച്ചത് 612 പേര്‍ക്ക് മാത്രം. വന്യമൃഗങ്ങളുടെ അക്രമണങ്ങളില്‍ 5 വര്‍ഷത്തിനിടെ 4485 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇതില്‍ ഭൂരിഭാഗം ആളുകള്‍ക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

 

webdesk13: