X

‘മുസ്‌ലിംകളില്‍ അരക്ഷിതാവസ്ഥ വളര്‍ന്നു’; വിടവാങ്ങല്‍ പ്രസംഗത്തില്‍ ഹാമിദ് അന്‍സാരി

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിംകളില്‍ അരക്ഷിത ബോധം വളര്‍ന്നതായി സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. വിടവാങ്ങലിനോടനുബന്ധിച്ച് രാജ്യസഭാ ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്ന് നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് ഹാമിദ് അന്‍സാരിയുടെ പ്രതികരണം. ഇന്ത്യന്‍ മൂല്യങ്ങള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. സ്വന്തം രാജ്യത്തോടുള്ള പൗരന്റെ കൂറ് ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി ഉത്കണ്ഠാജനകമാണ്. രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതാ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മന്ത്രിസഭാംഗങ്ങളുടെയും മുന്നില്‍ കൊണ്ടുവന്നിരുന്നു. ജനങ്ങളുടെ പൗരസ്‌നേഹം ചോദ്യം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. പശു സംരക്ഷണത്തിന്റെ പേരില്‍ നടന്ന ആക്രമണങ്ങള്‍ ഇന്ത്യയെ പോലെ ജനാധിപത്യരാഷ്ട്രത്തിന് ചേര്‍ന്നതല്ല. ഇന്ത്യയുടെ മൂല്യങ്ങളില്‍ പലതും കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. ഘര്‍വാപസി, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എന്നിവ മൂല്യങ്ങളുടെ തകര്‍ച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുസ്‌ലിംകള്‍ക്കിടയില്‍ തീവ്രവാദ സംഘടനകളുടെ സ്വാധീനത്തിനുള്ള സാധ്യത ഹാമിദ് അന്‍സാരി തള്ളിക്കളഞ്ഞു.

chandrika: