X

വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ധനവ് ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുന്നു: ഇ.ടി

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ചാര്‍ജ് നിര്‍ണയിക്കുന്നതിനുള്ള അധികാരം വിമാന കമ്പനികള്‍ക്കാണെന്നും അതില്‍ ഇടപെടുന്ന വിധത്തില്‍ നിയമ നിര്‍മാണം സാധ്യമാകില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.

പാര്‍ലമെന്റില്‍ എം.പിയുടെ ചോദ്യത്തിന് കേന്ദ്ര വേ്യാമയാന മന്ത്രി ജേ്യാതിരാദിത്യ സിന്ധ്യ നല്‍കിയ രേഖമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാന കമ്പനികള്‍ക്ക് ടിക്കറ്റ് ചാര്‍ജ് തീരുമാനിക്കുവാനുള്ള അധികാരമാണ് നല്‍കിയിട്ടുള്ളത്. വിമാന സര്‍വീസ് നടത്തുന്നതിനുള്ള ചെലവ്, ന്യായമായ ലാഭത്തോട്കൂടിയുള്ള അതിന്റെ നിയന്ത്രണം എന്നിവ അവരുടെ ചുമതലയാണ്. ചട്ടങ്ങള്‍ പ്രകാരം ഈടാക്കുന്ന ചാര്‍ജ് വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്. ഡി.ജി.സി.എയുടെ നേതൃത്വത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിന് വേണ്ടിയും അത് പരിശോധിക്കുന്നതിനുമുള്ള സംവിധാനം ഉണ്ട്. അവര്‍ തീരുമാനിച്ച ചാര്‍ജ് തന്നെയാണോ ഈടാക്കുന്നത് എന്നതിനെ പറ്റിയും കൃത്യമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്. വിമാന കമ്പനികളെ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ബോധവത്കരിച്ച്‌കൊണ്ടിരിക്കുന്നുണ്ട്. എല്ലാ ദിവസവും ടിക്കറ്റ് ചാര്‍ജ് പരിശോധിച്ച് നോക്കുമ്പോള്‍ ചാര്‍ജ് താഴോട്ട് പോകുന്ന പ്രവണത കണ്ടുവരുന്നു. എന്നാല്‍ നിയമ പ്രകാരം ടിക്കറ്റ് ചാര്‍ജില്‍ ഇടപെട്ട് തീരുമാനം എടുക്കുന്നതിനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന നടപടി ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രി മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ യാത്രക്കാര്‍ ദുരിതത്തിലാണെന്നും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനം ശരിയല്ലെന്നും എം.പി പറഞ്ഞു.

webdesk11: