X
    Categories: indiaNews

കൂട്ടത്തല്ല് വൈറലായി; ‘ചാച്ചായും’ മറ്റുള്ളവരും പൊലീസ് പിടിയില്‍

ഡല്‍ഹി: കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ കൂട്ടത്തല്ലില്‍ ഉള്‍പ്പെട്ട എട്ട് പേര്‍ പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഭാഗ്പതില്‍ ഇരുവിഭാഗം ചാട്ട് വില്‍പ്പനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. കൂട്ടത്തല്ലിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഭാഗ്പാതിലെ തിരക്കേറിയ തെരുവിലാണ് പട്ടാപ്പകല്‍ ഇരുവിഭാഗവും ഏറ്റുമുട്ടിയത്. വടികൊണ്ട് ഇരുകൂട്ടരും പരസ്പരം പൊതിരെ തല്ലുകയായിരുന്നു. ദൃക്സാക്ഷികളിലൊരാള്‍ വീഡിയോ പകര്‍ത്തി ഇത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. നിരവധിപേരാണ് കൂട്ടത്തല്ലിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഉള്‍പ്പെടെ പങ്കുവെച്ചത്.

ചെമ്പന്‍നിറത്തില്‍ വലിയ മുടിയുള്ള ഒരാളായിരുന്നു കൂട്ടത്തല്ലിലെ ശ്രദ്ധാകേന്ദ്രം. ചാട്ട് വില്‍പ്പനക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പോലീസ് പിടികൂടുന്നതിന് മുമ്പ് വീഡിയോയിലെ ‘താരമായ’ ‘ചാച്ചാ’ എന്ന് ആളുകള്‍ വിളിച്ച വലിയ മുടിയുള്ള ഹരീന്ദര്‍ എന്ന വ്യക്തിയും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.’ സമീപത്തായി പുതിയ ചാട്ട് വില്‍പ്പനക്കാര്‍ വന്നതോടെ കച്ചവടത്തില്‍ കടുത്ത മത്സരമായി. മാത്രമല്ല, ഇവര്‍ എന്റെ കടയിലെ ഉത്പന്നങ്ങള്‍ ഗുണനിലവാരമില്ലെന്ന് പ്രചരിപ്പിച്ചു. എന്റെ ഉപയോക്താക്കളെ അവരുടെ കടയിലേക്ക് എത്തിച്ചു. തലേദിവസത്തെ ഭക്ഷണമാണ് ഞാന്‍ വില്‍ക്കുന്നതെന്ന് വരെ പറഞ്ഞുണ്ടാക്കി. നാലോ അഞ്ചോ തവണയോ ഇതാവര്‍ത്തിച്ചു. ഇതോടെയാണ് വഴക്കുണ്ടായത്’- ഹരീന്ദര്‍ പറഞ്ഞു. എന്നാല്‍ വീഡിയോ വൈറലായി മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെ ഹരീന്ദര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കൈയോടെ പിടികൂടി.

web desk 3: