X

യുഎസ് പാര്‍ലമെന്റ് ആക്രമിച്ചവരില്‍ ഇന്ത്യന്‍ ദേശീയപതാകയുമായി പങ്കെടുത്തത് മലയാളി; രാജ്യത്തിന് നാണക്കേട്

വാഷിങ്ടണ്‍: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയ ട്രംപ് അനുകൂലികള്‍ക്കിടയില്‍ ഇന്ത്യന്‍ പതാകയുമായി എത്തിയത് മലയാളിയായ വിന്‍സെന്റ് പാലത്തിങ്കല്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജീനിയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വിന്‍സെന്റ് വൈറ്റില ചമ്പക്കര സ്വദേശിയാണ്.

സമരത്തില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്താറുണ്ട്. അവരെല്ലാം സ്വന്തം രാജ്യങ്ങളുടെ പതാകകള്‍ കയ്യില്‍ കരുതും. അങ്ങനെയാണ് പതാക ഉയര്‍ത്തിയതെന്ന് വിന്‍സെന്റ് പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് അഴിമതി നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ഞങ്ങള്‍ സമരം നടത്തിയത്. പ്രതിഷേധം സമാധാനപരമായിരുന്നു. പത്ത് ലക്ഷത്തോളം ആളുകളാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. സമാധാനപരമായ സമരത്തിലേക്ക് കുറച്ച് പേര്‍ നുഴഞ്ഞുകയറുകയായിരുന്നു. അവരാണ് അക്രമം നടത്തിയതെന്നും വിന്‍സെന്റ് പറഞ്ഞു.

അതേസമയം, ട്രംപ് അനുയായികള്‍ യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരം കയ്യേറി നടത്തിയ അട്ടിമറി നീക്കത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.

ബുധനാഴ്ച പകല്‍ ഒരുമണിയോടെ ബാരിക്കേഡുകള്‍ തകര്‍ത്ത് പാര്‍ലമെന്റ് വളപ്പില്‍ പ്രവേശിച്ച പ്രതിഷേധക്കാരെ തടയാന്‍ പൊലീസിനു കഴിഞ്ഞില്ല. ഇരച്ചെത്തിയ സംഘത്തെ കണ്ട് കാവല്‍നിന്ന പൊലീസുകാര്‍ പിന്തിരിഞ്ഞോടി. സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഓഫിസിലടക്കം കടന്നുകയറിയ പ്രതിഷേധക്കാര്‍ ഓഫിസ് സാധനങ്ങള്‍ കേടുവരുത്തി. ജനാലച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. പലരും കയ്യില്‍ കിട്ടിയതെല്ലാം പോക്കറ്റിലാക്കി.

കാപ്പിറ്റോള്‍ മന്ദിരത്തിന്റെ സുരക്ഷയ്ക്ക് 2000 പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. അക്രമാസക്തരായ പ്രക്ഷോഭകരെ നേരിടാന്‍ അവര്‍ സജ്ജരായിരുന്നില്ല. സമൂഹമാധ്യമങ്ങള്‍ വഴി ട്രംപ് അനുകൂലികള്‍ പ്രതിഷേധം ആസൂത്രണം ചെയ്യുന്നതായി ദിവസങ്ങള്‍ക്കു മുന്‍പേ അറിഞ്ഞിട്ടും മുന്‍കരുതലുകള്‍ സ്വീകരിച്ചതുമില്ല. ഇതിനിടെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും ആസ്ഥാനത്തു പൈപ്പ് ബോംബുകള്‍ കണ്ടെടുത്തു. കാപ്പിറ്റോള്‍ വളപ്പില്‍ ഒളിപ്പിച്ച ഒരു തോക്കും കണ്ടെത്തി.

പ്രതിഷേധക്കാരില്‍ പലരും ആയുധധാരികളായിരുന്നു. ഇതിനിടെ കാപ്പിറ്റോള്‍ മന്ദിരം പൊലീസ് അടച്ചു. സെനറ്റ്, ജനപ്രതിനിധി സഭാംഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. മാധ്യമപ്രവര്‍ത്തകരും സന്ദര്‍ശകരും അകത്തു കുടുങ്ങി. പൊലീസ് ഇതിനിടെ സൈന്യത്തിന്റെ സഹായം തേടി. സെനറ്റ് കെട്ടിടത്തിന്റെ പരിസരത്തുനിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകവും മുളകു സ്‌പ്രേയും പ്രയോഗിച്ചു.ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. പാര്‍ലമെന്റ് വളപ്പില്‍ നെഞ്ചിനു വെടിയേറ്റാണ് ട്രംപ് അനുയായിയായ സ്ത്രീ മരിച്ചത്.

വൈകിട്ടു മൂന്നരയോടെയാണു സെനറ്റ് ഹാളില്‍നിന്നു പ്രതിഷേധക്കാരെ തുരത്തിയത്. നാഷനല്‍ ഗാര്‍ഡ് അടക്കം മറ്റു സുരക്ഷാ ഏജന്‍സികളുടെ കൂടി സഹായത്തോടെ വൈകിട്ട് 5.40 നു കാപ്പിറ്റോള്‍ മന്ദിരം വീണ്ടും സുരക്ഷാവലയത്തിലാക്കി.

 

 

web desk 3: