X

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക്: ആഹ്ലാദം പ്രകടിപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ച ഉത്തരവിനെ ശരിവെച്ച യു.എസ് സുപ്രീംകോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ജനതയുടേയും ഭരണഘടനയുടേയും വന്‍ വിജയമാണ് വിധിയെന്ന് ട്രംപ് പറഞ്ഞു. യാത്രാവിലക്ക് കഴിഞ്ഞ ഡിസംബറില്‍ പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും കീഴ്‌കോടതികള്‍ റദ്ദാക്കുകയായിരുന്നു. ഉത്തരവ് അംഗീകാരം നല്‍കിയ സുപ്രീംകോടതി നടപടി അമേരിക്കയെ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ചില മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷം ട്രംപ് നടത്തിയ ആദ്യ പ്രഖ്യാപനം.

അന്താരാഷ്ട്ര പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരവില്‍ മൂന്ന് തവണ മാറ്റം വരുത്താന്‍ ട്രംപ് നിര്‍ബന്ധിതനായി. കീഴ്‌കോടതികള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചത്. ദേശീയ സുരക്ഷ ഉറപ്പാക്കാനെന്ന പേരില്‍ മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ ട്രംപിന്റെ സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ളവര്‍ തന്നെ വിമര്‍ശിച്ചിരുന്നു. സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ നഗരങ്ങളില്‍ വ്യാപകമായി റാലികള്‍ നടന്നു.

chandrika: