X

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുവീണു; 150 പേരെ കാണാതായതായി റിപ്പോര്‍ട്ട്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ 150 പേരെ കാണാതായതായി റിപ്പോര്‍ട്ട്. തപോവന്‍ മേഖലയില്‍ ഉണ്ടായ ഹിമപാതത്തില്‍ ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളെയാണ് കാണാതായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ഥലത്ത് ഐടിബിപിയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യുദ്ധകാലടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഐടിബിപി അറിയിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. ഹിമപാതത്തെ തുടര്‍ന്ന് ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജോഷിമഠില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായത്. നിരവധിപ്പേര്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാന്‍ ഐടിബിപിയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദൗലിഗംഗയുടെ തീരത്തുള്ളവരെ ഒഴുപ്പിക്കുന്നതിനുള്ള നടപടികളും തുടരുകയാണ്.

കനത്തമഴയെ തുടര്‍ന്നാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. സേനാനീക്കത്തിന് ഉപയോഗിക്കുന്ന ജോഷിമഠംമലാരി പാലം ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. അളകനന്ദ നദിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു. ആരും ഭയപ്പെടേണ്ടതില്ല. തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. നദിയുടെ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

 

 

web desk 3: