X
    Categories: indiaNews

‘സൗജന്യ വാക്‌സിനേഷന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് ബാനറുകള്‍ സ്ഥാപിക്കണം’; യുജിസി, സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം

ഡല്‍ഹി : 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ബാനറുകള്‍ സ്ഥാപിക്കണമെന്ന് യുജിസി. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കുമാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ നിര്‍ദേശം.

ബാനറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും, എല്ലാവര്‍ക്കും വാക്‌സിന്‍, എല്ലാവര്‍ക്കും സൗജന്യം, ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ക്യാമ്പയ്ന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി’ എന്നിങ്ങനെ എഴുതാനുമാണ് നിര്‍ദേശിച്ചിട്ടുള്ളത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബാനറുകളുടെ ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ചയാണ് ബാനറുകള്‍ സ്ഥാപിക്കണമെന്ന യുജിസി സെക്രട്ടറി രജ്‌നിഷ് ജെയ്‌നിന്റെ സന്ദേശം സര്‍വകലാശാലാ അധികൃതര്‍ക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ യുജിസി നിര്‍ദേശത്തിനെതിരെ ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി പ്രതിഷേധവുമായി രംഗത്തെത്തി. ‘സൗജന്യ വാക്‌സീന്‍ ലഭ്യമാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച്, സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന സര്‍വകലാശാലകള്‍ ബാനറുകള്‍ സ്ഥാപിക്കണമെന്ന് യുജിസി നിര്‍ദേശിച്ചിരിക്കുന്നു. ഒന്നാമത്, ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് വാക്‌സീന്‍ വാങ്ങിയത്. രണ്ടാമത്, വിദ്യാര്‍ഥികള്‍ക്കായി ഇതേ ഉത്സാഹത്തോടെ യുജിസി പ്രവര്‍ത്തിക്കുകയും യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മയെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ’ എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

 

web desk 3: