X

വര്‍ധ ദുര്‍ബലമാകുന്നു; മരണം 18 ആയി

ചെന്നൈ: തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും തീരത്ത് ആഞ്ഞടിച്ച വര്‍ധ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. മര്‍ദം കുറഞ്ഞുവരികയാണെന്നും കാറ്റ് തെക്കുപടിഞ്ഞാറന്‍ ദിക്കിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 18 പേര്‍ മരിച്ചതായാണ് വിവരം. ഇവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. തൃശൂര്‍ സ്വദേശി ഗോകുല്‍ ജയകുമാറാണ് മരിച്ചത്. കാറ്റിന്റെ ശക്തിയില്‍ വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് ഗോകുല്‍ മരിച്ചതെന്നാണ് വിവരം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പനീര്‍ശെല്‍വം നാലു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്‌നാട് പൂര്‍വസ്ഥിതിയിലാക്കുന്നതിന് ആയിരം കോടി രൂപയെങ്കിലും ആവശ്യമാണെന്ന് പനീര്‍ശെല്‍വം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.


അതേസമയം ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ കനത്ത മഴയെത്തുടര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ബംഗളൂരുവില്‍ ചെറിയ തോതില്‍ മഴ അനുഭവപ്പെടുന്നുണ്ടെങ്കിലും കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.

chandrika: