X

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വീരനായ സ്വാതന്ത്ര്യ സമരസേനാനി: എം.ജി.എസ്

 

കോഴിക്കോട്: വീരനായ സ്വാതന്ത്ര്യ സമര സേനാനിയായിട്ടാണ് ചരിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അറിയപ്പെടുന്നതെന്ന് പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ് നാരായണന്‍ പറഞ്ഞു. ചോര ചിന്തിയ സമരത്തിലൂടെയാണ് കുറച്ചു കാലത്തേക്കാണെങ്കിലും ബ്രിട്ടീഷുകാരെ മലബാറില്‍നിന്ന് മാറ്റി നിര്‍ത്തി വാരിയംകുന്നത്തിന്റെ നേതൃത്വത്തിലുള്ള വിപ്ലവ സര്‍ക്കാര്‍ നാടു ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ഷെരീഫ് സാഗര്‍ എഴുതി ഒലിവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.ജി.എസ്. ഈ കൃതിയില്‍ മലബാര്‍ സമരവുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളെയും വസ്തുതകളെയും സമഗ്രമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇതേപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ടെന്നും എം.ജി.എസ് കൂട്ടിച്ചേര്‍ത്തു.

കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി വസ്തുനിഷ്ഠമായ ചരിത്ര രചനയാണ് ഷെരീഫ് സാഗര്‍ നിര്‍വ്വഹിച്ചതെന്ന് ഒലിവ് പബ്ലിക്കേഷന്‍ ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. സ്വാതന്ത്ര്യ പോരാളികളുടെ ഡയരക്ടറിയില്‍ വാരിയംകുന്നത്തിനെ ഉള്‍പ്പെടുത്തിയ ശേഷം പിന്നീട് വിവരങ്ങള്‍ മായ്ച്ചു കളഞ്ഞ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം ഹീനമായി. മായ്ച്ചു കളയാന്‍ ശ്രമിക്കുംതോറും ചരിത്രത്തില്‍ കൂടുതല്‍ വ്യക്തമായി തെളിഞ്ഞു വരുന്ന പേരാണ് കുഞ്ഞഹമ്മദ് ഹാജി. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠനാര്‍ഹമായ പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥകാരന്‍ ഷെരീഫ് സാഗര്‍, ഷഹനാസ് എം.എ, കെ. സന്ദീപ്, ബിനീഷ് കെ. പുരക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

web desk 1: