X

നികുതി പിരിക്കുന്നതിൽ ധനകാര്യമന്ത്രി ദയനീയമായി പരാജയപ്പെട്ടുവെന്ന് വി.ഡി സതീശൻ

നികുതി പിരിക്കുന്നതില്‍ ധനകാര്യമന്ത്രി ദയനീയമായി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നയമസഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി വെട്ടിപ്പ് അന്വേഷിക്കാന്‍ ഇവിടെ ആരും ഇല്ല. ഇത്രത്തോളം വലിയ നികുതിവെട്ടിപ്പ് ഒരു കാലത്തും ഉണ്ടായിട്ടില്ല.

സ്വര്‍ണത്തിന് പിന്നില്‍ നടക്കുന്ന നികുതി വെട്ടിപ്പ് തടയാന്‍ എന്തെങ്കിലും നടപടി എടുത്തോ? ഗ്രാമിന് 500 രൂപ ഉണ്ടായിരുന്ന കാലത്തെ നികുതിയാണ് ഇപ്പോഴും സംസ്ഥാനത്തിന് ലഭിക്കുന്നത്. കരിഞ്ചന്തയില്‍ നടക്കുന്ന കച്ചവടം നിയന്ത്രിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചോ. നികുതി പിരിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഥമിക കടമയാണ്. ഇക്കാര്യത്തില്‍ ധനകാര്യമന്ത്രി ദയനീയമായി പരാജയപ്പെട്ടു. ഇനിയെങ്കിലും നികുതി പിരിവ് മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തണം.

ബാറുകളുടെ എണ്ണം കൂടിയിട്ടും ഉപഭോഗം കൂടിയിട്ടും നികുതി താഴേക്ക് പോയി. ബാറുകളുടെ ടേണ്‍ ഓവര്‍ കൂടിയിട്ടും ആ പണമൊന്നും സര്‍ക്കാരിന് കിട്ടുന്നില്ല. ജി.എസ്.ടി അഡ്മിനിസ്‌ട്രേഷന്‍ എന്ന ഒരു സംവിധാനം പോലും സംസ്ഥാനത്തില്ല. നികുതി വെട്ടിപ്പ് തടയാന്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് പണപ്പിരിവ് നടത്തിയിട്ട് സമ്മാനം നല്‍കാന്‍ മുഖ്യമന്ത്രിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും സാധിക്കുമോ?

ധനമന്ത്രി പറഞ്ഞത് 57000 കോടി കിട്ടാനുണ്ടെന്നാണ്. മറ്റൊരു ഭരണകക്ഷി എം.എല്‍.എ പറഞ്ഞത് 61000 കോടി കിട്ടാനുണ്ടെന്നാണ്. ജൂണ്‍ ജൂലൈ മാസത്തില്‍ ധനമന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ 32000 കോടി കിട്ടാനുണ്ടെന്നാണ് പറയുന്നത്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റും ജി.എസ്.ടി കോംമ്പന്‍സേഷനും കടമെടുക്കല്‍ പരിധിയും കഴിഞ്ഞാല്‍ 3600 കോടി മാത്രമാണ് കിട്ടാനുള്ളത്.

ഇതില്‍ നിന്നും പെന്‍ഷന്റെ പണമായി 500 കോടി ലഭിച്ചു. കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്നത് 3100 കോടി രൂപമാത്രമാണെന്നാണ് സംസ്ഥാന ധനകാര്യ മന്ത്രി അയച്ച കത്തില്‍ പറയുന്നത്. മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത് 5132 കോടിയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നതെന്നാണ്. ഇതൊക്കെ എന്ത് കണക്കാണെന്ന് പറഞ്ഞാല്‍ നന്നായിരുന്നു.

കേരളം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഒരു കുഴപ്പവുമില്ലെന്ന് ഒരു സ്ഥലത്ത് പറയുകയും മറ്റൊരിടത്ത് കുഴപ്പമാണെന്നുമാണ് പറയുന്നത്. ഭരണകക്ഷി അംഗങ്ങള്‍ തന്നെ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ചിലര്‍ പറഞ്ഞത് കേരളത്തിന് ഒരു കുഴപ്പവുമില്ലെന്നാണ്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷനെങ്കിലും ഭരണകക്ഷി അംഗങ്ങള്‍ വായിക്കണം. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ച് അതിലുണ്ട്. രാവിലെ ധനകാര്യ മന്ത്രിയും പറഞ്ഞത് ട്രഷറിക്ക് ഒരു കുഴപ്പവുമില്ലെന്നാണ്. ട്രഷറി താഴിട്ട് പൂട്ടി അതിന്റെ താക്കോലും പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്.

ധനസ്ഥിതി ദയനീയമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റില്‍ നല്‍കേണ്ട രണ്ടാം ഗഡു ഡിസംബറില്‍ മെയിന്റനന്‍സ് ഗ്രാന്റ് ഒഴികെ കുറച്ച് നല്‍കി. പുല്ല് വെട്ടിയതിനുള്ള ബില്‍ നല്‍കിയാല്‍ പോലും ട്രഷറിയില്‍ നിന്നും പണം ലഭിക്കില്ല. ഓട പണിയാനുള്ള കാശുപോലും കയ്യിലില്ലാത്ത സര്‍ക്കാരാണിത്. കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണത്തിനുള്ള പണം നല്‍കാന്‍ പോലും സര്‍ക്കാരിന് സാധിക്കുന്നില്ല.

ഓരോ വകുപ്പുകളുടെയും സ്ഥിതി ദയനീയമാണ്. 1500 കോടി രൂപയാണ് സപ്ലൈകോ കരാറുകാര്‍ക്ക് നല്‍കാനുള്ളത്. അവശ്യ സാധനങ്ങള്‍ പോലും മാവേലി സ്‌റ്റോറുകളിലില്ല. കൊട്ടിഘോഷിച്ച ലൈഫ് മിഷന് പദ്ധതി വിഹിതമായി നീക്കിവച്ച 717 കോടിയില്‍ നല്‍കിയത് വെറും 3.76 ശതമാനമാണ്. ഒരു ഭവന നിര്‍മ്മാണം പോലും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

webdesk13: