X

എല്‍.ഡി.എഫില്‍ അനൈക്യം വളരുകയാണെന്ന് വി.ഡി സതീശന്‍

എല്‍.എഡി.എഫില്‍ അനൈക്യം വളരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിരവധി പ്രശ്നങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ എല്‍.ഡി.എഫ് ശിഥിലമാകുന്നതിന്റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് എല്‍.എഡി.എഫ് ഘടകകക്ഷി നേതാവായ എം.വി ശ്രേയാംസ് കുമാറിനെതിരെ സി.പി.എം സൈബര്‍ ആക്രമണമാരംഭിച്ചത്. ദേശാഭിമാനി പത്രത്തിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്ന ആള്‍ മുതലുള്ള സി.പി.എം നേതാക്കളാണ് ശ്രേയാംസ് കുമാറിനെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ സൈബര്‍ ആക്രമണം നടത്തുന്നത്. സി.പി.എം നേതാക്കളുടെ അറിവോടെയാണ് സൈബര്‍ വെട്ടുക്കിളി കൂട്ടം ഘടകകക്ഷി നേതാവിനെ ആക്രമിക്കുന്നത്. സര്‍ക്കാരിനെതിരെയും എസ്.എഫ്.ഐക്കെതിരെയും മറ്റൊരു ഘടകകക്ഷിയായ സി.പി.ഐയും അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. സി.പി.ഐ മുഖപത്രമായ ജനയുഗവും എസ്.എഫ്.ഐക്കും സി.പി.എമ്മിനുമെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. യു.ഡി.എഫില്‍ കുഴപ്പമുണ്ടാക്കാന്‍ വന്നവര്‍ ഇപ്പോള്‍ എല്‍.ഡി.എഫിലെ അനൈക്യം കണ്ട് പതറി നില്‍ക്കുകയാണ് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ മൊഴി നല്‍കാന്‍ മാതൃഭൂമി റിപ്പോര്‍ട്ടര്‍ക്ക് മേല്‍ പൊലീസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ശ്രേയാംസ് കുമാര്‍ വെളിപ്പെടുത്തിയത്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തന്നെ ശ്രമിക്കുന്ന വിചിത്രമായ കാഴ്ചയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ശ്രേയാംസ് കുമാറിന്റെ ഗുരുതരമായ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസ് തയാറാകാത്തത് എന്തുകൊണ്ടാണ്? ഉന്നത ഉദ്യോഗസ്ഥനെ ട്രാപ്പ് ചെയ്യാന്‍ മാതൃഭൂമി ന്യൂസിന്റെ റിപ്പോര്‍ട്ടര്‍മാരെ ഉപയോഗിക്കാന്‍ ശ്രമിച്ചെന്നത് ഗുരുതരമായ വെളിപ്പെടുത്തലാണ്. എന്നിട്ടും എന്തുകൊണ്ടാണ് അന്വേഷിക്കാത്തത്?

കടലില്‍ പോയും കൂലിപ്പണി ചെയ്തും കഷ്ടപ്പെട്ട് മക്കളെ കോളജില്‍ അയച്ച് പഠിപ്പിക്കുന്ന മാതാപിതാക്കള്‍ കേരളത്തിലുണ്ടെന്ന് നിങ്ങള്‍ ഓര്‍ക്കണം. പാതിരാവോളം ഉറങ്ങാതെയിരുന്ന് പഠിച്ച് പരീക്ഷ എഴുതുന്ന കുട്ടികളുള്ള നാടാണിത്. ആ നാട്ടിലാണ് തോന്ന്യാസം നടത്തുന്നത്. പ്രതിപക്ഷത്തിന്റെ പോരാട്ടവും പൊതുസമൂഹത്തിന്റെ ശക്തമായ പ്രതികരണവും വന്നതു കൊണ്ടാണ് ഇപ്പോള്‍ അറസ്റ്റ് നാടകം നടത്തിയത് അ്‌ദ്ദേഹം തുറന്നടിച്ചു.

വ്യാജ രേഖ ചമച്ച എസ്.എഫ്.ഐ വനിതാ നേതാവ് രണ്ടാഴ്ച കഴിഞ്ഞിട്ടും കീഴടങ്ങിയില്ലായിരുന്നെങ്കില്‍ പൊലീസിന് അവരുടെ കണ്ണില്‍പ്പെടാതെ ഒരാഴ്ച കൂടി നടക്കേണ്ടി വന്നേനെ. ഇത്രകാലവും വിദ്യയുടെ കണ്ണില്‍പ്പെടാതെ നടക്കലായിരുന്നു പൊലീസിന്റെ ജോലി. പൊലീസിനെ വീണ്ടും പ്രതിസന്ധിയിലാക്കാതെ കീഴടങ്ങിയ വിദ്യയെ പ്രത്യേകമായി അഭിനന്ദിക്കുന്നു. കായംകുളത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയുടെയും കണ്ണില്‍പ്പെടാതെയാണ് പൊലീസ് നടക്കുന്നത്. കേരളത്തിലെ പൊലീസിനെ വിഷമിപ്പിക്കാതെ ഇതുപോലെ സെറ്റിട്ട് കീഴടങ്ങണമെന്നാണ് കായംകുളം കേസിലെ പ്രതിയോട് ആവശ്യപ്പെടാനുള്ളത്.

തന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തില്‍ ആലപ്പുഴയിലെ കെ.എസ്.യു നേതാവ് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും ഇതുവരെ അന്വേഷണം നടത്തിയില്ല. അതേസമയം ആര്‍ഷോ നല്‍കിയ പരാതിയില്‍ 24 മണിക്കൂറിനുള്ളില്‍ അന്വേഷണം ആരംഭിക്കുകയും മാധ്യമ പ്രവര്‍ത്തകയെയും കെ.എസ്.യു നേതാക്കളെയും പ്രതികളാക്കി. കേരളത്തിലെ പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കയ്യും കാലുംകെട്ടി ലോക്കപ്പില്‍ ഇട്ടിരിക്കുകയാണ്. പ്രവര്‍ത്തിക്കാനും ചിന്തിക്കാനും പറ്റാത്ത അവസ്ഥയിലാണ് പൊലീസ് അദ്ദേഹം പറഞ്ഞു.

കുസാറ്റില്‍ അധ്യാപകന് മുന്നില്‍ തെളിവെടുപ്പിനെത്തിയ വിദ്യാര്‍ത്ഥികളെയും അധ്യാപരെയും ജീവനക്കാരെയും ആണിയടിച്ച പട്ടികയുമായി ഗുണ്ടകള്‍ ആക്രമിക്കുകയും തലതല്ലിപ്പൊളിക്കുകയും ചെയ്തിട്ടും പൊലീസ് നോക്കി നിന്നു. എന്തിനാടോ ഈ കാക്കിക്കുപ്പായവും ഇട്ട് നടക്കുന്നത്? ആക്രമണം നേക്കി നിന്നും എന്നത് കാക്കിക്കുപ്പായത്തിന് തന്നെ അപമാനമാണ്. ആക്രമം കയ്യും കെട്ടി നോക്കി നില്‍ക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് ഈ കാക്കിക്കുപ്പായത്തെ അപമാനിക്കുന്നത്?

എസ്.എഫ്.ഐ അഴിഞ്ഞാട്ടമാണ് കാമ്പസുകളില്‍ നടക്കുന്നത്. ജനയുഗത്തിന് പോലും എഡിറ്റോറിയല്‍ എഴുതേണ്ടി വന്നു. എം.ജി സര്‍വകലാശാല കാമ്പസില്‍ നിമിഷ രാജുവെന്ന എ.ഐ.എസ്.എഫ് നേതാവിനെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടി പരാതി പിന്‍വലിച്ചെന്ന വ്യാജ സത്യവാങ്മൂലം കൊടുത്തയാളാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. അവര്‍ ഇപ്പോഴും പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായ പെണ്‍കുട്ടിക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷ ഉപയോഗിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്ത ക്രിമിനലിന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായാണ് സി.പി.എം സ്ഥാനക്കയറ്റം നല്‍കിയത്. തെറ്റായ സത്യവാങ്മൂലം കൊടുത്ത ആര്‍ഷോയ്ക്കെതിരായ കേസന്വേഷണം എവിടെവരെയെത്തി? സഹപ്രവര്‍ത്തകരെ പോലും ക്രൂരമായി ആക്രമിക്കുന്ന സംഘമായി മാറിയ എസ്.എഫ്.ഐക്ക് സി.പി.എം കുടപിടിച്ചു കൊടുക്കുകയാണ്. ഒന്നുകൂടെ കലങ്ങിക്കോട്ടെയെന്ന് കരുതിയാണ് എ.കെ ബാലന്‍ ഇന്ന് രംഗത്തിറങ്ങിയത്. അക്രമിസംഘത്തെ സംരക്ഷിച്ച് ഇനിയും അക്രമം ചെയ്യാന്‍ പ്രോത്സാഹനം നല്‍കുകയാണ് സി.പി.എം നേതാക്കള്‍. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞാല്‍ നന്നായിരുന്നു.

പരീക്ഷ എഴുതാത്ത ഒരുത്തന്‍ പാസായെന്ന് കോളജ് വെബ്സൈറ്റില്‍ വന്നത് ശരിയാണോയെന്ന് പരിശോധിച്ച് വാര്‍ത്ത നല്‍കിയതിനാണ് കെ.എസ്.യു നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകയ്ക്കുമെതിരെ കേസെടുത്തത്. വാര്‍ത്ത നല്‍കിയതിന് പിന്നില്‍ എന്ത് ഗൂഡാലോചനയാണുള്ളത്? മാധ്യമ പ്രവര്‍ത്തകരെ പേടിപ്പിക്കാന്‍ വേണ്ടിയാണ് കേസെടുത്തത്. പിന്‍വാതില്‍ നിയമന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനാണ് മനോരമയിലെ ജയചന്ദ്രന്‍ ഇലങ്കത്തിനെതിരെ കേസെടുത്തത്. വാദി പ്രതിയാകുകയാണ്. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസിലെ പെണ്‍കുട്ടി കെ സുധാകരനെതിരെ മൊഴി നല്‍കിയെന്ന വ്യാജവാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണ്? പച്ചക്കളം പുരപ്പുറത്ത് കയറി വിളിച്ചു പറഞ്ഞ എം.വി ഗോവിന്ദനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണ്? വ്യാജ വാര്‍ത്തയുണ്ടാക്കിയത് ദേശാഭിമാനിയും അത് ഏറ്റു പറഞ്ഞത് പാര്‍ട്ടി സെക്രട്ടറിയുമാണ്.

എതിര്‍ ശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കാനാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷത്തിനും എതിരെ കേസെടുക്കുന്നത്. സി.പി.എം വെട്ടുക്കിളി കൂട്ടങ്ങള്‍ക്ക് സ്ത്രീകളെയും രാഷ്ട്രീയ നേതാക്കളെയുമൊക്കെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യാം. അവര്‍ക്കെതിരെ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ കേസെടുക്കും. പ്രതിപക്ഷ നേതാവിനെതിരായ മോശം കമന്റ് പറവൂര്‍ എസ്.എച്ച്.ഒ ലൈക്ക് ചെയ്തത് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ ഒരു നടപടിയുമില്ല. ചിതറയിലെ കോണ്‍ഗ്രസ് നേതാവ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ സംസാരിച്ചതിന് അപ്പോള്‍ തന്നെ കളമശേരി പൊലീസ് കേസെടുത്തു. ഇരട്ടനീതിയാണ് കേരളത്തില്‍ നടക്കുന്നത്.

കെ.എസ്.യു നേതാവ് ജോലിക്ക് വേണ്ടിയോ സര്‍വകലാശാലയിലോ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. മുത്തൂറ്റില്‍ ഹാജരാക്കിയെന്നായിരുന്നു ദേശാഭിമാനി വാര്‍ത്ത. ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് കളക്ഷന്‍ ഏജന്റായി ജോലി ചെയ്തത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്ന് മുത്തൂറ്റും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് എവിടെ നിന്നാണ് കിട്ടിയതെന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിയാണ് പറയേണ്ടത്. വ്യാജ സര്‍ട്ടിഫിക്കറ്റിനെതിരെ കെ.എസ്.യു നേതാവ് പരാതി നല്‍കിയിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്. അയാള്‍ എവിടെയും ഒളിവില്‍ പോയിട്ടില്ല. അച്ഛന് സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് കുടുംബം പോറ്റാനാണ് കെ.എസ്.യു നേതാവായിരിക്കെ കളക്ഷന്‍ ഏജന്റായത്. ഇപ്പോള്‍ ചായക്കട നടത്തി ജീവിക്കുന്ന പയ്യനെ കുറിച്ചാണ് പറയുന്നത്. ദേശാഭിമാനി വാര്‍ത്ത കണ്ടിട്ടാണ് കേസെടുക്കാന്‍ പറഞ്ഞതെന്ന് വി.സി വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് അന്വേഷിക്കട്ടെ. എവിടെ നിന്ന് കിട്ടിയെന്ന് ദേശാഭിമാനി പറഞ്ഞാലെ പൊലീസിന് അന്വേഷിക്കാന്‍ സാധിക്കൂ. അന്വേഷണം നടക്കുന്ന കേസില്‍ ഞങ്ങള്‍ ആരെയും പ്രതിരോധിക്കാന്‍ പോകുന്നില്ല. ആ കുട്ടി പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞത്.

രണ്ട് കോഴ്സുകള്‍ ഒരേസമയം പഠിച്ചെന്ന ആരോപണത്തില്‍ കേരള വി.സിയാണ് മറുപടി പറയേണ്ടത്. ഈ വ്യക്തിയെ മെഡിക്കല്‍ സര്‍വകലാശാല വി.സിയാക്കിയപ്പോള്‍ സര്‍ക്കാരിന് ഒരു പരാതിയുമില്ലായിരുന്നു. അന്ന് ഗവര്‍ണറുമായി മുഖ്യമന്ത്രിക്ക് ഭായ് ഭായ് ബന്ധമായിരുന്നു. കേരളയുടെ ചാര്‍ജ് ഗവര്‍ണര്‍ നല്‍കിയപ്പോഴും സര്‍ക്കാരിന് പരാതിയില്ലായിരുന്നു. പക്ഷെ ഇന്നലെ കലിംഗ സര്‍വകലാശാലയുടെ കാര്യം വ്യക്തമായി പറഞ്ഞപ്പോഴാണ് സി.പി.എം ചാനലില്‍ വി.സിക്കെതിരെ വാര്‍ത്ത വന്നത്. സി.പി.എമ്മിനോ എസ്.എഫ്.ഐക്കോ എതിരെ വി.സി പറഞ്ഞാല്‍ പൂര്‍വകാല ചരിത്രം മുഴുവന്‍ എടുത്ത് കേസെടുക്കും. സര്‍ക്കാരിനെതിരെ പറയുന്നവര്‍ക്കുള്ള ഭീഷണിയാണ് ഈ നടപടി അദ്ദേഹം കൂട്ടിചേര്‍ത്തു.

webdesk11: