X

20,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് കാപട്യം; ജനങ്ങളെ കബളിപ്പിക്കലെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ ഉത്തേജകപാക്കേജ് കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങളെ കബളിപ്പിക്കുന്നതാണ് പാക്കേജ്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് നേരിട്ട് പണം നല്‍കുമെന്ന് ബജറ്റ് രേഖയില്‍ പറഞ്ഞിട്ട് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇത് തിരുത്തി. കരാറുകാരുടെയും പെന്‍ഷന്‍കാരുടെയും കുടിശ്ശിക തീര്‍ക്കാനാണ് പണം ചെലവഴിക്കുക എന്നാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ ഇതിനെ ഉത്തേജക പാക്കേജായി കാണാന്‍ സാധിക്കില്ല. പെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കുന്നത് ഉള്‍പ്പെടെയുള്ളവ സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ പാക്കേജ് പ്രഖ്യാപിക്കുന്നത് ഭാവിയെ മുന്‍നിര്‍ത്തിയാണെന്നും അല്ലാതെ കുടിശ്ശിക കൊടുത്ത് തീര്‍ക്കാനല്ലെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.

20,000 കോടി രൂപയുടെ പാക്കേജില്‍ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയാണ് നീക്കിവെച്ചത്. ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ സബ്‌സിഡി എന്നിവയ്ക്കായി 8300 കോടി രൂപയും ലഭ്യമാക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. ബജറ്റില്‍ ഇത് ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇത് ധനമന്ത്രി മാറ്റി പറയുന്ന സ്ഥിതിയാണ് പിന്നീട് ഉണ്ടായത്. ഇത് പെന്‍ഷന്‍കാരുടെയും കരാറുകാരുടെയും കുടിശ്ശിക കൊടുത്തുതീര്‍ക്കാനാണ് ഉപയോഗിക്കുക എന്നാണ് പറഞ്ഞത്. ഇത് നേരത്തെ തന്നെ നടക്കുന്നതാണ്. അങ്ങനെയെങ്കില്‍ ഇതിനെ ഒരു പുതിയ പ്രഖ്യാപനമായി കണക്കാക്കാന്‍ സാധിക്കില്ല. യഥാര്‍ത്ഥത്തില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് ബജറ്റിലൂടെ സര്‍ക്കാര്‍ ചെയ്തതെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു.

കോവിഡ് പാക്കേജ് ബജറ്റ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താത്തതിനെയും സതീശന്‍ വിമര്‍ശിച്ചു. യഥാര്‍ത്ഥത്തില്‍ ഭാവിയില്‍ വരുന്ന ചെലവുകളാണ് എസ്റ്റിമേറ്റില്‍ ഇടംപിടിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത് ബജറ്റ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ ഇതും കൂടി ഉള്‍പ്പെടുത്തിയാല്‍ റവന്യൂകമ്മി 37000 കോടി രൂപയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

web desk 3: