X

പേടിയുണ്ടെങ്കില്‍ വീട്ടിലിരിക്കട്ടെ, സഹോദരിമാരുടെ ദേഹത്ത് കൈവച്ചാല്‍ ആങ്ങളമാരെ പോലെ പ്രതികരിക്കും; വിഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ നേര്‍ക്ക് ഒരു കല്ലുപോലും കോണ്‍ഗ്രസുകാര്‍ വലിച്ചെറിയില്ലെന്നും എന്നിട്ടുമെന്തേ ഇത്രപേടിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പേടിയുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെ. നിങ്ങള്‍ റോഡിലിറങ്ങിയാല്‍ ജനങ്ങളെ ബന്ദിയാക്കുമെന്ന് പറയുന്നത് എന്തൊരുവെല്ലുവിളിയാണ്. ഇതൊന്നും കേരളത്തില്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ആരെയും കാണരുത്. ഒരു വണ്ടിയും വഴിയില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല എന്നതാണ് അവസ്ഥ. രണ്ട് മാസം മുന്‍പ് അദ്ദേഹത്തിന് ഒരു അസുഖമുണ്ടായിരുന്നു. അന്ന് എവിടെയും കറുപ്പ് നിറം കാണാനേ പാടില്ലായിരുന്നു. കറുത്ത് മാസ്‌ക്, കറുത്ത ചുരിദാര്‍, കറുത്തതൊന്നും പാടില്ല. കാക്കപോലും അന്ന് പേടിച്ചാണ് പറന്നത്. ഇപ്പോ കറുപ്പ് മാറി വെളുപ്പിനോടായി. ഖദറിട്ട് വഴിയില്‍ ആരെങ്കിലും കണ്ടാല്‍ പിന്നെ കരുതല്‍ തടങ്കലിലാക്കുന്ന സ്ഥിതിയാണ്. കേരളത്തിലെ ജനങ്ങള്‍ എല്ലാ ദിവസം മുഖ്യമന്ത്രിയുടെ റൂട്ട് നോക്കി വീട്ടില്‍ നിന്ന് ഇറങ്ങേണ്ട അവസ്ഥായെന്ന് സതീശന്‍ പറഞ്ഞു.

എല്ലാകാലവും ഈ പിണറായി വിജയന്‍ ആയിരിക്കില്ല കേരളത്തിലെ മുഖ്യമന്ത്രി. ഇനി അയാള്‍ മുഖ്യമന്ത്രിയായിരുന്നാലും അധിക പ്രസംഗം കാണിച്ചാല്‍, സഹോദരിമാരുടെ ദേഹത്ത് കൈ വച്ചാല്‍ ആങ്ങളമാരെ പോലെ കോണ്‍ഗ്രസുകാര്‍ പ്രതികരിക്കും. ഇനി ഏതെങ്കിലും സ്ത്രീകളുടെ മേല്‍ പുരുഷപൊലീസ് കൈ വച്ചാല്‍ അന്ന് കേരളം മാറുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ സാമൂഹിക സാമ്ബത്തിക നില എന്താണെന്ന് മനസിലാക്കാതെ ജനങ്ങളുടെ തലയില്‍ ഇരുമ്ബ് കൂടം കൊണ്ട് അടിക്കുന്ന രീതിയിലാണ് ബജറ്റ് നിര്‍ദേശങ്ങള്‍ വന്നത്. നികുതി പിരിച്ചെടുക്കുന്നതിലുണ്ടായ പരാജയം മറച്ചുവയ്ക്കാനാണ് പുതിയ വാദങ്ങളുമായി സര്‍ക്കാര്‍ വരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വില്‍ക്കുന്ന കേരളത്തില്‍ നികുതി ഇനത്തില്‍ കിട്ടിയത് 343 കോടി രൂപ മാത്രമാണ്. ബാറുകളുടെ എണ്ണം കൂടുമ്‌ബോള്‍ ബാറില്‍ നിന്നുള്ള നികുതി കുറയുകയാണ്. കേന്ദ്രവിഹിതം കിട്ടാത്തതിനാലും സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൊടുക്കാനുമാണ് നികുതി വര്‍ധിപ്പിച്ചതെന്നാണ് പറയുന്നത്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ആദ്യമായി കൊടുക്കുന്ന സര്‍ക്കാരാണോ പിണറായി സര്‍ക്കാര്‍. മാറി മാറി വന്ന സര്‍ക്കാരുകള്‍ എല്ലാ ഇത് ചെയ്തിട്ടുണ്ട്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ സര്‍ക്കാരിന്റെ ബാധ്യതയാണെന്നും സതീശന്‍ പറഞ്ഞു.

 

webdesk14: