X

വള്ളംകളി മത്സരത്തിനിടെ തര്‍ക്കം; പിന്നീട് നടന്നത് കൂട്ടയടി, ചിതറിയോട്ടം; നിരവധി പേര്‍ക്ക് പരിക്ക്

അരീക്കോട് കിഴുപറമ്പ് ഇടശേരിക്കടവില്‍ വലിയ ആവേശത്തോടെ നടന്ന 21ാമത് വള്ളംകളി മത്സരത്തിനിടെ സംഘര്‍ഷം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂട്ടയടിക്കിടെയുണ്ടായ ഓട്ടത്തിനിടയില്‍ വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റു. സെമി ഫൈനല്‍ മത്സരത്തിലെ ജേതാക്കളെ നിശ്ചയിച്ചതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പോലീസ് ലാത്തിവീശിയതോടെ ഓടുന്നതിനിടെ വീണും മര്‍ദനമേറ്റുമാണ് നിരവധിയാളുകള്‍ക്ക് പരിക്കേറ്റത്. സംഘര്‍ഷത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സംഘര്‍ഷമുണ്ടായതോടെ ചിലര്‍ കസേര കൊണ്ട് ആക്രമണം നടത്തി. ഇതോടെ ആളുകള്‍ കൂട്ടത്തോടെ ചിതറി ഓടി. കൂട്ടത്തില്‍ പോലീസ് ലാത്തി വീശുകയും ചെയ്തതോടെ കളി മാറി. കീഴുപറമ്പ് സി.എച്ച് ക്ലബ്ബ് സംഘടിപ്പിച്ച ജലോത്സവത്തിന്റെ ഭാഗമായ വള്ളംകളി മത്സരത്തിലാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാവിലെയാണ് വള്ളംകളി മത്സരങ്ങള്‍ തുടങ്ങിയത്. ആദ്യ സെമി ഫൈനല്‍ മത്സരത്തിന്റെ വിജയികളെ തീരുമാനിച്ചതാണ് തര്‍ക്കത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും നീങ്ങിയത്. ആക്രമണത്തിനിടയില്‍ വീണ് പരുക്കേറ്റ ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഫോട്ടോഫിനിഷിലാണ് മത്സരം സമാപിച്ചത്. ആദ്യസെമി മത്സരത്തില്‍ കര്‍ഷകന്‍ ഓത്തുപ്പള്ളിപ്പുറയയും വി.വൈ.സി വാവൂരും മത്സരം ഫോട്ടോ ഫിനിഷില്‍ അവസാനിച്ചു. വളരെ ചെറിയ വ്യത്യാസത്തില്‍ ഒരു ടീം മുന്നിലായിരുന്നു. എന്നാല്‍ ഫലം പ്രഖ്യാപിച്ച വേദിയിലേക്ക് മറുടീമിന്റെ പ്രവര്‍ത്തകര്‍ ഇരച്ചു കയറി. ഇതിനിടെ തോണി ഉപയോഗിച്ച് പുഴയില്‍ സംഘടകരെ തടഞ്ഞും പ്രശ്നമുണ്ടാക്കി.

വീഡിയോ അടക്കം പരിശോധിച്ചാണ് സംഘാടകര്‍ വിജയികളെ പ്രഖ്യാപിച്ചത്. ഇതിനിടയില്‍ സമയം ഇരുട്ടിയതോടെ ഫൈനല്‍ മത്സരം നടത്താതെ ജേതാക്കളെ നറുക്കടുപ്പിലൂടെ തിരഞ്ഞെടുത്തതായി സംഘാടകര്‍ അറിയിച്ചു. എന്നാല്‍ തങ്ങളാണ് വിജയികളെന്ന് പറഞ്ഞ് എതിര്‍ ടീം രംഗത്തുവന്നു. രണ്ടാം സെമി ഫൈനല്‍ നടത്താന്‍ സമ്മതിക്കില്ലെന്നും ഇവര്‍ പറഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ ബാക്കിയുള്ള മത്സരങ്ങള്‍ നടത്താനായില്ല. ഇതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അതേസമയം സംഘര്‍ഷം ഒതുക്കാന്‍ ഇടപെട്ട പോലീസിനെ അടക്കം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

webdesk14: