X

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയാം

മലപ്പുറം: കേരളം ഉറ്റുനോക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയും. വോട്ടെണ്ണല്‍ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂം നിരീക്ഷകന്‍ അമിത് ചൗധരിയുടെയും സ്ഥാനാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ തുറക്കും. ജില്ലാ കലക്ടര്‍ അമിത് മീണ, റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരാവും.

ദേശീയ- സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറെ ചര്‍ച്ചയായ തെരഞ്ഞെടുപ്പായിരുന്നു 11 ന് വേങ്ങരയില്‍ നടന്നത്. അത്കൊണ്ട് തന്നെ ദേശീയ തലത്തില്‍ പോലും വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ചര്‍ച്ചയാവും. തെരഞ്ഞെടുപ്പിന്റെ ആദ്യാവസാനം വരെ യു.ഡി.എഫ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് യു.ഡി.എഫ് ക്യാമ്പുകള്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് നേടിയ ഭൂരിപക്ഷം കുറക്കുക എന്ന ലക്ഷ്യമാത്രമായിരുന്നു ഇടതുപക്ഷത്തിനും ബി.ജെ.പിക്കുമുണ്ടായിരുന്നത്. വേങ്ങരയിലെ കനത്ത പോളിങ് ഇവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചിട്ടുണ്ട്. ഇത് ബോധ്യമായതോടെയാണ് സോളാര്‍വിഷയം മാധ്യമങ്ങളിലൂടെ ചര്‍ച്ചയാക്കാന്‍ ഇടതുപക്ഷം വോട്ടെടുപ്പിന്റെ മണിക്കൂറുകളില്‍ കരുനീക്കം നടത്തിയത്.

അടുത്തടുത്ത് തെരഞ്ഞെടുപ്പ് വന്നത് പോളിങിനെ ബാധിക്കുമെന്ന് പലരും ആശങ്ക പങ്കുവെച്ചിരുന്നെങ്കിലും വേങ്ങരയില്‍ പോളിങ് കൂടുകയാണുണ്ടായത്. ആകെയുള്ള 1,70,009 പേരില്‍ 1,22,610 പേര്‍ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്. 72.12 ആണ് പോളിങ് ശതമാനം. വേങ്ങര ഏറ്റവും വലിയ പോളിങ് ശതമാനവും ഇതുതന്നെ. ആദ്യനിയമസഭ തെരഞ്ഞെടുപ്പില്‍ 68.87 ശതമാനവും 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ 65.25 ശതമാനവും 2016 നിയമസഭയില്‍ 70.77 ശതമാനവുമാണ് ലഭിച്ചിരുന്നത്. ആറ് പഞ്ചായത്തുകള്‍ തിരിച്ച് കണക്കുകള്‍ പരിശോധിക്കുമ്പോഴുംഎ.ആര്‍ നഗര്‍ 71.35, പറപ്പൂര്‍72.75, ഒതുക്കുങ്ങല്‍ 73.66, വേങ്ങര 70.55, കണ്ണമംഗലം 71.35, ഊരകം 73.66. ഈ മുന്നേറ്റവും വേങ്ങരക്ക് പ്രതീക്ഷ പകരുന്നതാണ്.
വോട്ടെണ്ണലിന് 14 ടേബിളുകളാണ് സജീകരിക്കുന്നത്. ഇതില്‍ ഒന്നില്‍ മൂന്ന് വീതം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിന് നിയോഗിക്കും. ഒരു സൂപ്പര്‍വൈസര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരെയാണ് നിയോഗിക്കുക. 42 പേര്‍ക്ക് പുറമെ 20 റിസര്‍വ് ഉദ്യോഗസ്ഥന്മാരെയും ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്.

chandrika: