X

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഗ്രേറ്റ് ബിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, രാജ്യസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നയതന്ത്ര വിദഗ്ധനും എഴുത്തുകാരനുമാണ്. 1924ലാണ് അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് സിയാല്‍കോട്ടിലെ സിഖ് ഖത്രി കുടുംബത്തില്‍ ഗുര്‍ബക്ഷ് സിങ്-പൂനം ദേവി ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചത്.

സിയാല്‍കോട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ലാഹോറിലെ എഫ്.സി കോളജില്‍ നിന്ന് ബിരുദവും ലാഹോറിലെ ലോ കോളജില്‍ നിന്ന് നിയമബിരുദവും അമേരിക്കയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദവും നേടി. ഇന്ത്യാ വിഭജനത്തിനു ശേഷം ഡല്‍ഹിയിലേക്ക് താമസം മാറ്റിയ അദ്ദേഹം അന്‍ജാം എന്ന ഉര്‍ദു പത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് കുറച്ചു കാലം കേന്ദ്ര സര്‍വീസില്‍ സേവനമനുഷ്ഠിച്ചു. ഇന്ത്യാ വിഭജനത്തിന്റെ മുറിപ്പാടുകള്‍ നയ്യാറുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ ഏറെ സ്വാധീനിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ എഴുത്തുകളിലും പ്രകടമായി.

അദ്ദേഹം തയാറാക്കിയ വരികള്‍ക്കിടയില്‍ (Between the lines) കോളങ്ങള്‍ മലയാളം അടക്കം 16 ഓളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര തലത്തില്‍ വിവിധ ഭാഷകളിലായി 80ഓളം അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം അക്കാലത്ത് എഴുതിയ ഭരണകൂട വിരുദ്ധ റിപ്പോര്‍ട്ടുകളിലൂടെയാണ് ശ്രദ്ധേയനായത്. 1996ല്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു നയ്യാര്‍. 1997 ആഗസ്തില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു.

ബിറ്റ് വീന്‍ ദ ലൈന്‍സ്, ഡിസ്റ്റന്റ് നൈബേഴ്‌സ്: എ ടെയ്ല്‍ ഓഫ് സബ്‌കോണ്ടിനെന്റ്, ഇന്ത്യ ആഫ്റ്റര്‍ നെഹ്‌റു, വാള്‍ അറ്റ് വാഗാ: ഇന്ത്യ-പാകിസ്താന്‍ റിലേഷന്‍ഷിപ്പ്, ഇന്ത്യ ഹൗസ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. സംസ്‌കാരം ഇന്നു ഉച്ചക്ക് ഒരു മണിക്ക് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും.

chandrika: