X

മുസ്ലിംലീഗിന്റെ സമരവിജയം; വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. മുസ്ലിംലീഗിന്റെ നിരന്തര പ്രക്ഷോഭത്തിന്റെ ഫലമായിട്ടാണ് തീരുമാനം. നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷമന് മറുപടി നല്‍കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്‍ പ്രക്ഷോഭത്തിനാണ് മുസ്ലിംലീഗ് നേതൃത്വം നല്‍കിയത്. കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ മഹാറാലിക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ മതസംഘടനാ നേതാക്കള്‍ക്ക് വാക്ക് നല്‍കിയിരുന്നെങ്കിലും ഒന്നും ചെയ്യാതെ നീട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് മുസ്ലിംലീഗ് നിരന്തര പ്രക്ഷോഭത്തിലായിരുന്നു. വൈകിയാണെങ്കിലും സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ട തീരുമാനം സ്വാഗതം ചെയ്യുന്നതായി മുസ്ലിംലീഗ് നേതാക്കള്‍ അറിയിച്ചു.

Chandrika Web: