X

വീണ്ടും വരുന്നു വിജിലന്‍സ്; ഇത്തവണ ഉന്നം രമേശ് ചെന്നിത്തല- പ്രതിപക്ഷ വേട്ട തുടരുന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വിജിലന്‍സിനെ ഉപയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കല്‍ തടസ്സമില്ലാതെ മുന്നോട്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേസെടുക്കാനാണ് വിജിലന്‍സിന്റെ നീക്കം. ബാര്‍ കോഴക്കേസിലാണ് സര്‍ക്കാര്‍ തീരുമാം. വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചേക്കും.

മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ നടപടിയെടുത്ത ശേഷമാണ് സര്‍ക്കാര്‍ ചെന്നിത്തലയ്‌ക്കെതിരെ തിരിയുന്നത്. വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതി വാങ്ങിയ ശേഷമാകും അന്വേഷണം നടക്കുക.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നും ബിജു ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണത്തില്‍ അന്വേഷണം ഉണ്ടാകില്ലെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയും ചെയ്തതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ കടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

 

 

Test User: