X

സോളാര്‍കേസ്; ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമെതിരെ കേസ്

തിരുവനന്തപുരം: സോളാര്‍ കേസിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷണനെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിക്കല്‍ എന്നിവ പ്രകടമാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണവും തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ് എടുക്കാനും ശുപാര്‍ശയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം പ്രത്യേകസംഘം അന്വേഷിക്കും. ഐ.ജി.പത്മകുമാര്‍, ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരേയും പോലീസ് അസോസിയേഷന്‍ മുന്‍ഭാരവാഹി ജി.ആര്‍ അജിത്തിനെതിരേയും കേസെടുക്കും. അജിത്തിനെതിരെ വകുപ്പുതല നടപടിക്കും തീരുമാനമുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും, ആര്യാടന്‍ മുഹമ്മദിനെതിരേയും കേസെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ സരിതയുടെ കത്തില്‍ പേരു പറഞ്ഞിരിക്കുന്ന നേതാക്കള്‍ക്കെതിരെ മാനഭാഗത്തിനും കേസെടുക്കും.

സെപ്തംബര്‍ 26 നാണ് കമ്മീഷന്‍ അധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് ജി. ശിവരാജന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, അഡ്വക്കേറ്റ് ജനറല്‍ എന്നിവരോട് നിയമോപദേശം തേടുകയായിരുന്നു. റിപ്പോര്‍ട്ടിനകത്തുള്ള പരാമര്‍ശത്തെക്കുറിച്ചുള്ള നിയമോപദേശമാണ് ലഭിച്ചിരിക്കുന്നത്. ആറ് മാസത്തിനകം ഇത് നിയമസഭയില്‍ സമര്‍പ്പിക്കും.

chandrika: