X

കലാമാമാങ്കത്തിന് വിക്രം മൈതാനി ഒരുങ്ങി; 60000 സ്‌ക്വയര്‍ഫീറ്റില്‍ വിശാലപന്തല്‍

കോഴിക്കോട്: കൗമാര കലാമാമാങ്കത്തിന് സാക്ഷിയാവാന്‍ വിക്രം മൈതാനി ഒരുങ്ങിക്കഴിഞ്ഞു. മൈതാനിയുടെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും മത്സരങ്ങള്‍ വീക്ഷിക്കാനാവും, അത്തരത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്. മൈതാനിയിലെ ചതുപ്പുള്ള സ്ഥലങ്ങള്‍ മണലിട്ട് ബലപ്പെടുത്തി. കലോത്സവ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വലിയ വേദിയും പന്തലും ഒരുങ്ങുന്നത്. ബൂട്ടുകള്‍ താളം മുഴക്കുന്ന വിക്രം മൈതാനി 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പൊതുപരിപാടിക്ക് വിട്ടുനല്‍കുന്നത്. എട്ട് ഏക്കര്‍ വിസ്തൃതിയുള്ള വിക്രം മൈതാനി ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ് റെജിമെന്റിന്റെ ഭാഗമാണ്.

60,000 സ്‌ക്വയര്‍ ഫീറ്റിലാണ് വേദിക്കായി പന്തല്‍ ഒരുക്കിയത്. 40 അടി നീളവും 35 അടി വീതിയിലുമാണ് സ്റ്റേജ്. സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി 100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 14 ഗ്രീന്‍ റൂമുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 7എണ്ണം വീതം പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമായി നല്‍കും. പിന്‍വശത്തായി 1200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വിശ്രമമുറിയുമുണ്ട്. വിഐപി, സംഘടന, പ്രസ്സ്, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ എന്നിവര്‍ക്കുള്ള പവലിയനും വേദിക്കരികിലായി തയാറാക്കിയിട്ടുണ്ട്. കൂടാതെ പോലീസ്, ഫയര്‍ ഫോഴ്‌സ് തുടങ്ങിയ സേനകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളുമുണ്ട്.

തൃശൂര്‍ സ്വദേശിയായ ഉമ്മര്‍ പടപ്പിലാണ് വേദിയിലൊരുക്കുന്ന പന്തലിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷമായി വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും മേളകള്‍ക്കും അനുബന്ധ പരിപാടികള്‍ക്കും പന്തല്‍ ഒരുക്കുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കരീം പടുകുണ്ടില്‍ കണ്‍വീനറായ കമ്മറ്റിക്കാണ് വേദിയുടെ ചുമതല. ജനുവരി 3 മുതല്‍ 7വരെയാണ് കേരള സ്‌കൂള്‍ കലോത്സവം ജില്ലയില്‍ നടക്കുന്നത്.

webdesk11: