X

വിഴിഞ്ഞം: ഗുണ്ടാസംഘങ്ങളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്

വിഴിഞ്ഞം തുറമുഖനിര്‍മ്മാണം നിര്‍ത്തിവെച്ച് ആഘാതപഠനം നടത്തണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 130 ദിവസത്തിലേറെയായി സമാധാനപരമായി നടക്കുന്ന സമരത്തെ പോലീസിനെയും ഗുണ്ടകളെയുമുപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍ വാങ്ങണമെന്ന് ഐക്യദാര്‍ഢ്യ സമിതിക്കു വേണ്ടിചെയര്‍മാന്‍ അഡ്വ.തമ്പാന്‍ തോമസ് , ജനറല്‍ കണ്‍വീനര്‍ ജൂഡ് ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു. ഇന്നലെ തുറമുഖ നിര്‍മ്മാണത്തിനായി പാറക്കല്ലുകളുമായി വിഴിഞ്ഞത്തെത്തിയ ലോറികളെ സമരസമിതി സമാധാനപരമായി തടഞ്ഞിരുന്നു. എന്നാല്‍ തൊട്ടടുത്ത് തമ്പടിച്ചിരുന്ന ഒരുകൂട്ടം തുറമുഖാനുകൂലികള്‍ സമരക്കാര്‍ക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും കല്ലേറ് നടത്തുകയുംചെയ്തു. സംഘര്‍ഷം തടയാന്‍ പോലീസ് ഫലപ്രദമായി ഇടപെടുന്നതിനു പകരം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും അദാനിയുടെ സ്വകാര്യ സൈന്യത്തെപ്പോലെ പെരുമാറുന്നവരെ അഴിഞ്ഞാടാന്‍ അനുവദിക്കുകയുമാണ് ചെയ്തത്.

തിരുവനന്തപുരം അതിരൂപത ബിഷപ് ,വികാരി ജനറല്‍ എന്നിവരെയടക്കം പ്രതികളാക്കി 9 കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുകയാണ്. സമരക്കാരെ അക്രമിച്ചവര്‍ക്കെതിരെ പേരിന് ഒരു കേസെടുക്കുക മാത്രമാണ് ചെയ്തത്. സാമൂഹിക സൗഹാര്‍ദ്ദവും മൈത്രിയും സംരക്ഷിക്കാന്‍ അവസരോചിതമായ ഇടപെടലുകള്‍ നടത്തിയ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ശ്രമങ്ങളെ ഗൗരവതരമായി കണ്ട് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അത് തീരത്ത് അശാന്തി വിതക്കുകയും സുരക്ഷിത ത്വവും സമാധാനവും തകര്‍ക്കുകയും ചെയ്യും.

വര്‍ഗീയ സംഘര്‍ഷത്തിനു കോപ്പുകൂട്ടുന്നവരെ കര്‍ശനമായി നേരിടുന്നതിനു പകരം സംരക്ഷിക്കുകയും ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചാല്‍ അത് അപരിഹാര്യമായ നഷ്ടങ്ങള്‍ക്കിടയാക്കും.കള്ളക്കേസുകള്‍ പിന്‍വലിച്ചുകൊണ്ട് സമാധാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. 26 ന് വിഴിഞ്ഞത്തുണ്ടായ അതിക്രമങ്ങളിലും തുടര്‍ന്ന് വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കള്ളക്കേസില്‍ കുടുക്കി സമര നേതൃത്വത്തെയും നാട്ടുകാരെയും പീഢിപ്പിക്കുന്നതിനെതിരെയും മുഴുവന്‍ ജനാധിപത്യ ശക്തികളും പ്രതിഷേധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
.

 

 

 

Chandrika Web: