X

വീട്ടുവാടക 5500 രൂപ സര്‍ക്കാര്‍ നല്‍കും; അദാനിയുടെ ഫണ്ട് വേണ്ടെന്ന് സമരക്കാര്‍

തിരുവനന്തപുരം: ഒടുവില്‍ വിഴിഞ്ഞത്ത് സമവായ നീക്കത്തിന് വിജയം. സര്‍ക്കാറുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം തുറമുഖ വികസന പദ്ധതിക്കെതിരെ നാലു മാസത്തിലധികമായി നടത്തിവന്ന സമരം പിന്‍വലിക്കുന്നതായി സമര സമിതി വ്യക്തമാക്കി. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നത് അടക്കം സമര സമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചു. സമരത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നും ഒത്തുതീര്‍പ്പിനുള്ള എല്ലാ ശ്രമങ്ങളേയും പിന്തുണക്കുമെന്നുമുള്ള പ്രതിപക്ഷത്തിന്റെ നിയമസഭയിലെ ഉറച്ച നിലപാടാണ് ഏതുവിധേനയും ഒത്തുതീര്‍പ്പിലെത്താന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത്.

വീട് നഷ്ടമായവര്‍ക്കുള്ള വാടകയായ 5,500 രൂപ പൂര്‍ണമായും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി സമരക്കാര്‍ക്ക് ഉറപ്പു നല്‍കി. 8,000 രൂപയായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാല്‍ വാടക 5,500 മതിയെന്ന് സമരസമിതി വ്യക്തമാക്കി. അദാനി ഫണ്ടില്‍ നിന്നും 2500 രൂപ തരാം എന്ന സര്‍ക്കാര്‍ വാഗ്ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു. പഠനസമിതിയില്‍ പ്രാദേശിക പ്രതിനിധി വേണമെന്നതിലും തീരുമാനമായില്ല. തീരശോഷണത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് സമരസമിതി അറിയിച്ചു. സര്‍ക്കാര്‍ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.
നിയമസഭയില്‍ ഇന്നലെ പ്രതിപക്ഷം വിഴിഞ്ഞം വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ഉടനീളം വിഴിഞ്ഞത്ത് സമരം ചെയ്യുന്ന ജനങ്ങളുമായി സമവായമുണ്ടാക്കണമെന്ന് യു.ഡി.എഫ് നേതാക്കള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. സഭയില്‍ ബഹളത്തിനോ ഒച്ചപ്പാടിനോ മുതിരാതെ, ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ ഗൗരവമായി കാണണമെന്ന് സര്‍ക്കാറിനെ ഉണര്‍ത്താനാണ് അടിയന്തര പ്രമേയത്തിലും തുടര്‍ന്ന് ചര്‍ച്ചയിലും ഉടനീളം പ്രതിപക്ഷം ശ്രമിച്ചത്. തുറമുഖവികസനം വേണമെന്ന് തന്നെയാണ് യു.ഡി.എഫ് നിലപാടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ആവര്‍ത്തിച്ചു വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ പേരില്‍ തീരദേശ വാസികളെ ദുരിതത്തിലാക്കുന്നതിനോട് യോജിപ്പില്ലെന്നും നേതാക്കള്‍ പറഞ്ഞു. ഇതോടെയാണ് സമര സമിതി മുന്നോട്ടു വച്ച ആവശ്യങ്ങളില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാതെ നിര്‍വാഹമില്ലാത്ത സാഹചര്യം വന്നത്.

ചീഫ്‌സെക്രട്ടറിയുമായും മന്ത്രിസഭാ ഉപസമിതിയുമായും സമര സമിതി പ്രതിനിധികള്‍ ഇന്നലെ രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വൈകീട്ട് മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ലെന്നും അതേസമയം സമരം പിന്‍വലിക്കുകയാണെന്നും സമര സമിതി ചെയര്‍മന്‍ ഫാ. യുജിന്‍ പെരേര പറഞ്ഞു. തത്കാലത്തേക്ക് സമരം നിര്‍ത്തുന്നുവെന്നും സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്‌തെന്നും സമരസമിതി വ്യക്തമാക്കി. 140-ാം ദിവസമാണ് സമരം പിന്‍വലിക്കുന്നത്. തുറമുഖ നിര്‍മാണം നിര്‍ത്തില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. അതേസമയം മറ്റു ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഫാദര്‍ യൂജിന്‍ പെരേര അറിയിച്ചു. ‘തീരശോഷണവും പദ്ധതിയുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും പൊതുജനം വേണ്ടത്ര ബോധവാന്മാരല്ല. പഠനം നടത്തുകയും ആഘാതങ്ങള്‍ ബോധ്യപ്പെടുകയും ചെയ്താല്‍ സമരം മുന്നോട്ടുകൊണ്ടുപോകും’- ഫാദര്‍ യൂജിന്‍പെരേര പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സമരത്തില്‍ സമവായമുണ്ടാവുന്നത്.

 

Chandrika Web: