X
    Categories: CultureMoreViews

ആസിഫ കൊലപാതകം: പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി വി.കെ സിങിന്റെ പ്രതികരണം

ജമ്മു കശ്മീരില്‍ എട്ടുവയസ്സുകാരിയായ ആസിഫയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര മന്ത്രി വി.കെ സിങിന്റെ പ്രതികരണം. ‘മനുഷ്യരെന്ന നിലയില്‍ നാം ആസിഫയോട് തോറ്റിരിക്കുന്നു. പക്ഷേ, അവള്‍ക്ക് നീതി നിഷേധിക്കപ്പെടില്ല’ – എന്നാണ് വിദേശകാര്യ സഹമന്ത്രിയായ വി.കെ സിങ് ട്വിറ്ററില്‍ പ്രതികരിച്ചത്. ഹൃദയഭേദകമായ ക്രൂരകൃത്യത്തിന്റെ കുറ്റപത്രം പുറത്തുവന്ന ശേഷം നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്നുള്ള ആദ്യ പ്രതികരണമാണിത്.

ജമ്മു കശ്മീരിലെ കത്വയില്‍ ബക്രേവാല്‍ നാടോടി കുടുംബത്തിലെ അംഗമായ ആസിഫയെ തട്ടിയെടുത്ത് മയക്കുമരുന്ന് നല്‍കി പട്ടിണിക്കിട്ടാണ് ക്ഷേത്രത്തില്‍ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കഴുത്തു ഞെരിച്ചും തലയ്ക്ക് കല്ലു കൊണ്ടടിച്ചും കൊന്നതിനു ശേഷം മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ജനുവരിയില്‍ നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന കുറ്റപത്രം മൂന്നു മാസത്തിനു ശേഷമാണ് പുറത്തുവന്നത്. എട്ടു വയസ്സുകാരിയുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും പൊലീസുകാര്‍ക്കും പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറോ ബി.ജെ.പിയോ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ബി.ജെ.പി പിന്തുണയോടെ ഭരിക്കുന്ന കശ്മീരിലെ മുഖ്യമന്ത്രി മഹബൂബ മുഫ്തി കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സും മറ്റ് പാര്‍ട്ടികളും വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

ക്ഷേത്രത്തിന്റെ ചുമതലക്കാരനായ സഞ്ജി റാം, പൊലീസുകാരായ ദീപക് ഖജുരി, സുരേന്ദര്‍ വര്‍മ, പ്രദേശവാസിയായ പര്‍വേഷ് കുമാര്‍, സഞ്ജി റാമിന്റെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു എന്നിവരാണ് ബലാത്സംഗത്തിലും കൊലപാതകത്തിലും പങ്കാളികളായത്. തെളിവുകള്‍ നശിപ്പിക്കുന്നതിനായി ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജും സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്തയും സഞ്ജി റാമില്‍ നിന്ന് നാലു ലക്ഷം കൈക്കൂലി വാങ്ങുകയും ചെയ്തു. ഇവരില്‍ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആസിഫ നേരിട്ട ക്രൂരതയില്‍ ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും മൗനം ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് വി.കെ സിങ് ഒറ്റവരി ട്വീറ്റ് ചെയ്തത്. ‘സംസ്‌കാര ശൂന്യരെ ശിക്ഷിക്കുക’, ‘മനുഷ്യത്വത്തിന്റെ ബലാത്സംഗവും കൊലപാതകവും’, ‘ആസിഫക്ക് നീതി’ തുടങ്ങിയ ഹാഷ് ടാഗുകളിലാണ് വി.കെ സിങ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: