X

മാധ്യമപ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് അനുവദിക്കണം; കേരള പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് സൗകര്യം അനുവദിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ആത്മാര്‍ഥമായും തീവ്രമായും അധ്വാനിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ സമ്മതിദാനാവകാശം നഷ്ടപ്പെട്ടു പോകാതിരിക്കാനും കമീഷന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യൂനിയന്‍ ആവശ്യപ്പെട്ടു.

രോഗബാധിതര്‍ക്ക് തപാല്‍ വോട്ട് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ശ്ലാഘനീയമാണെന്നും കെയുഡബ്ല്യൂജെ പറഞ്ഞു.

കേരളത്തിലെ ഒട്ടുമിക്ക മാധ്യമ പ്രവര്‍ത്തകരും വോട്ടവകാശമുള്ള പ്രദേശത്തുനിന്ന് വളരെ അകലെയുള്ള സ്ഥലങ്ങളിലാണു ജോലി ചെയ്യുന്നത്. തെരഞ്ഞെടുപ്പ് വിവരങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കേണ്ടതുള്ളതിനാല്‍ മിക്കവര്‍ക്കും ജോലിയില്‍നിന്ന് അവധിയെടുത്ത് സ്വന്തം ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ്.

മാത്രമല്ല, കൊവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘയാത്രകള്‍ സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളും വെല്ലുവിളിയാണെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെപി റജിയും ജനറല്‍ സെക്രട്ടറി ഇഎസ് സുഭാഷും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ക്കു സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു.

 

 

web desk 1: